കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ കരുനീക്കങ്ങള്‍ ശക്തമാക്കി ഇടതു വലതു മുന്നണികള്‍. യുഡിഎഫിന്റെ ഉറച്ച കോട്ടയായ പാലായില്‍ മുന്നണിയെ ഇത്തവണ പ്രതിസന്ധിയിലാക്കുന്നത് കേരളാ കോണ്‍ഗ്രസിലെ ഭിന്നത. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.

പാലായിൽ വിജയ സാധ്യതയ്ക്കാണ് മുഖ്യപരിഗണനയെന്നു പി.ജെ. ജോസഫ് പറഞ്ഞു. രണ്ടു-മൂന്നു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. പാർട്ടി യോഗം ചേർന്നു സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലെയും ഫലം നോക്കി തീരുമാനം എടുക്കണം. ആരുടെയും പേരുകളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നും പി.ജെ.ജോസഫ് പ്രതികരിച്ചു.

Read Also: അഭിമാനമാണ് സിന്ധു; അഭിനന്ദിച്ച് പിണറായി വിജയന്‍

എന്നാൽ, സീറ്റിനായുള്ള അവകാശവാദവുമായി ജോസ് കെ.മാണി ശക്തമായി രംഗത്തുണ്ടാകും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ യുഡിഎഫ് മുന്നണിയിൽ ചർച്ച ചെയ്ത ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനമെന്നാണ് ജോസ്.കെ.മാണി പറഞ്ഞത്. യുഡിഎഫ് നേതൃയോഗത്തിനു പിന്നാലെ പാർട്ടി നേതൃയോഗം ചേരും. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. ഇതുവരെ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നിട്ടില്ല. നാളെ ചേരുന്ന മുന്നണി യോഗത്തിലാണ് അതേ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുക എന്നും ജോസ് കെ.മാണി പറഞ്ഞു.

അതേസമയം, ഇടതു മുന്നണി പാലായിൽ ലക്ഷ്യം വയ്ക്കുന്നത് കേരളാ കോൺഗ്രസിലെ ഭിന്നത കൊണ്ട് നേട്ടം കെെവരിക്കാം എന്നാണ്. 2016 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വേണ്ടി സ്ഥാനാർഥിയായ എൻസിപിയുടെ മാണി സി.കാപ്പൻ തന്നെയായിരിക്കും ഇത്തവണയും ഇടത് മുന്നണി സ്ഥാനാർഥി. സീറ്റ് സിപിഎം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ബുധനാഴ്ചയാണ് ഇടതുമുന്നണി യോഗം ചേരുന്നത്. അതിനുശേഷം ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത.

Read Also: നിഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത; കേരള കോണ്‍ഗ്രസിലെ തമ്മിലടി ലക്ഷ്യം വച്ച് എല്‍ഡിഎഫ്

പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 23നാണ് നടക്കുക. സെപ്റ്റംബർ 27നാണ് വോട്ടെണ്ണൽ. എംഎല്‍എയായിരുന്നു കെ.എം.മാണി അന്തരിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 28ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറപ്പെടുവിക്കും. അന്നേദിവസം തന്നെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. സെപ്റ്റംബർ നാല് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴാണ്.

പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെ.എം.മാണി എംഎൽഎയായിരുന്നു. 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ മാണി മാത്രമേ പിന്നീട് പാലയിൽ നിന്ന് എംഎൽഎ ആയിട്ടുള്ളു. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡും കെ.എം.മാണിക്കാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.