പാലാ: പാലായിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം രൂക്ഷമായി തുടരുന്നു. പാലായില്‍ യുഡിഎഫിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കി. യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് ജോസഫ് വിഭാഗം ജില്ലാ അധ്യക്ഷന്‍ സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.
Read Also: സ്വപ്‌ന നഷ്ടത്തിന്റെ 2.1 കിലോമീറ്റര്‍ ദൂരം; രാജ്യം പറയുന്നു ‘നമ്മള്‍ വിജയിച്ചവര്‍’
തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ലെന്ന് ജോസഫ് പക്ഷം നിലപാടെടുത്തു. പാലായില്‍ യുഡിഎഫ് കണ്‍വെന്‍ഷനിടെ പി.ജെ.ജോസഫ് പ്രസംഗിക്കുമ്പോള്‍ ജനക്കൂട്ടം കൂവിവിളിച്ച സംഭവത്തില്‍ ജോസഫ് വിഭാഗം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ചത് ആസൂത്രിതമാണെന്നാണ് ജോസഫ് വിഭാഗം ആരോപിക്കുന്നത്.
കേരളാ കോണ്‍ഗ്രസ് (എം) ജോസ് വിഭാഗത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് വിഭാഗം പരസ്യമായി പറയുന്നു. സമാന്തരമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. പ്രത്യേകം പ്രചാരണ പരിപാടിയുമായി മുന്നോട്ട് പോകാനാണ് ജോസഫ് വിഭാഗം നിലപാടെടുത്തിരിക്കുന്നത്.
Read Also: ചർമ്മം കണ്ടാൽ പ്രായം തോന്നില്ല; മമ്മൂട്ടിയെ കുറിച്ച് വിദേശികൾ പറയുന്നു
യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറല്ലെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. കണ്‍വെന്‍ഷനിടെ സംഭവിച്ചതും പാര്‍ട്ടി മുഖപത്രത്തില്‍ ജോസഫിനെതിരെ വിമര്‍ശനം ഉയര്‍ന്നതും ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍, യുഡിഎഫ് പ്രശ്‌ന പരിഹാരത്തിനായി പരിശ്രമിക്കുന്നുണ്ട്. ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമേ ഗുണം ചെയ്യൂവെന്നാണ് യുഡിഎഫ് പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായ ടോം ജോസിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജോസഫ് പറയുന്നുണ്ടെങ്കിലും അത് എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജോസഫ് വിഭാഗം വിളിച്ചാല്‍ പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് സ്ഥാനാര്‍ഥിയായ ടോം ജോസും പറയുന്നു.