കോട്ടയം: കേരള കോൺഗ്രസ് (എം) ഭിന്നതയ്‌ക്കു പിന്നാലെ അവകാശവാദങ്ങളുമായി നേതാക്കൾ. പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം തനിക്കൊപ്പമാണെന്നും ‘കേരള കോൺഗ്രസ് (എം)’ എന്ന പേരിനു ജോസ് കെ.മാണിക്ക് അർഹതയില്ലെന്നും പി.ജെ.ജോസഫ് പറഞ്ഞു. “തോമസ് ഉണ്ണിയാടൻ, സി.എഫ്.തോമസ്, ജോണി നെല്ലൂർ, മോൻസ് ജോസഫ് തുടങ്ങി മുതിർന്ന നേതാക്കളെല്ലാം എനിക്കൊപ്പമുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ കേരള കോൺഗ്രസ് (എം) എന്ന പേരിനു അവകാശവാദമുന്നയിക്കാൻ ജോസ് കെ.മാണിക്ക് എങ്ങനെ സാധിക്കും? ജോസിനെ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട തീരുമാനത്തിനു കോടതിയിൽ നിന്നു തന്നെ സ്റ്റേയുണ്ട്,” ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
Read Also: സംസ്ഥാനത്ത് 131 പേർക്ക് കൂടി കോവിഡ്; കൂടുതൽ രോഗികൾ മലപ്പുറത്ത്
പാർട്ടിയുടെ ഒന്നിപ്പിനു വേണ്ടി എപ്പോഴും വിട്ടുവീഴ്‌ചകൾ ചെയ്‌തിട്ടുള്ള നേതാവാണ് പി.ജെ.ജോസഫ് എന്ന് തോമസ് ഉണ്ണിയാടൻ പറഞ്ഞു. “പാർട്ടിയുടെ ഒന്നിപ്പിനു വേണ്ടി മന്ത്രിസ്ഥാനം ഉപേക്ഷിച്ചു ഇടതുമുന്നണിയിൽ നിന്ന് പുറത്തെത്തിയ നേതാവാണ് പി.ജെ.ജോസഫ്. എല്ലാ കാലത്തും മാണി സാറിനേക്കാൾ വിട്ടുവീഴ്‌ചകൾ ചെയ്‌തത് ജോസഫ് സാർ തന്നെയാണ്. ജോസ് കെ.മാണിക്ക് എപ്പോഴും അധികാര സ്ഥാനങ്ങൾ മാത്രമാണ് ലക്ഷ്യം.” തോമസ് ഉണ്ണിയാടൻ പറഞ്ഞു. അതേസമയം, ജോസ് കെ.മാണി പക്ഷത്തെ മുന്നണിയിൽ നിന്നു പുറത്താക്കിയതിനെ യുഡിഎഫ് വീണ്ടും ന്യായീകരിച്ചു. മുന്നണിയിലെ തീരുമാനം അംഗീകരിക്കാനും അനുസരിക്കാനും എല്ലാവരും ബാധ്യസ്ഥരാണെന്നും മുന്നണി തീരുമാനം പാലിക്കാൻ ജോസ് കെ.മാണി തയ്യാറാകണമെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ പറഞ്ഞു.
Read Also: കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞു; മത്തി കഴിഞ്ഞ 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
അതേസമയം, യുഡിഎഫിന്റെ സ്ഥാപനം മുതലുള്ള നാല് പതിറ്റാണ്ട് നീണ്ട ബന്ധം ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സ്ഥാനത്തിനുവേണ്ടി മുറിച്ചു കളഞ്ഞെന്ന വൈകാരിക പ്രതികരണവുമായി ജോസ് കെ.മാണി നേരത്തെ രംഗത്തെത്തിയിരുന്നു. മാണിയുടെ മരണത്തിനുശേഷം പി.ജെ.ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയും കേരള കോണ്‍ഗ്രസ് എമ്മിനെ ജെ ആക്കാനും ശ്രമിച്ചുവെന്നും അതില്‍ നിന്നും പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണോ തന്റെ തെറ്റെന്നും ജോസ് ചോദിച്ചു. കെ.എം.മാണി പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെ സംരക്ഷിക്കണം എന്നതാണ് ആഗ്രഹം. അതിനപ്പുറത്തേക്ക് മറ്റൊരു പ്രശ്‌നവും ജോസഫുമായില്ലെന്നും ജോസ് പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പിന് ശേഷം ജോസഫ് വിഭാഗം നിരന്തരം വ്യക്തിഹത്യ നടത്തുകയാണെന്നും നുണ പറഞ്ഞ് തങ്ങളെ കരിവാരി തേക്കുകയാണെന്നും ജോസ് പറഞ്ഞു.