തൊടുപുഴ: പാലാ ഉപതിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ജോസ് കെ.മാണിയും ജോസ് ടോമും ഇരന്നുവാങ്ങിയതാണെന്നു കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. പാലാ ഉപതെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജോസഫ്.
രണ്ടില ചിഹ്നം ഇല്ലാത്തതും തോല്‍വിയിലേക്കു നയിച്ചതായി പി.ജെ.ജോസഫ് പറഞ്ഞു. ജോസ് കെ മാണിയ്‌ക്കെതിരേയും ജോസഫ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ് ലംഘിച്ചെന്നു ജോസഫ് കുറ്റപ്പെടുത്തി. ജോസ് ടോമിന്റെയും ജോസ് കെ.മാണിയുടെയും പക്വതയില്ലാത്ത സമീപനം തോല്‍വിയുടെ ആക്കംകൂട്ടി. സ്വയം ചെയര്‍മാനായ ജോസ് കെ.മാണിയാണു യഥാര്‍ത്ഥത്തില്‍ പാലായിലെ തോല്‍വിക്കു കാരണം.
Read More: ഇത് കരുത്തുപകരുന്ന ജനവിധി; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പിണറായി
കേരളാ കോണ്‍ഗ്രസിന്റെ ഭരണഘടന അംഗീകരിക്കാന്‍ ജോസ് കെ.മാണി തയ്യാറാകാത്തതാണു പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ എന്തുകൊണ്ട് തോല്‍വിയുണ്ടായെന്നു യുഡിഎഫ് നേതൃത്വം പഠിക്കുകയും ചിന്തിക്കുകയും ചെയ്യണം.
54 വര്‍ഷം കെ.എം.മാണി പ്രതിനിധീകരിച്ച മണ്ഡലത്തില്‍ വിജയം അനിവാര്യമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ എന്തുകൊണ്ട് അതു സാധിച്ചില്ലെന്നു പഠിക്കണം. കേരള കോണ്‍ഗ്രസില്‍ മാണി സാറിന്റെ മരണത്തെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ വിജയിക്കാതെ പോയപ്പോള്‍ മധ്യസ്ഥരും ഇടപെട്ടു. കേരള കോണ്‍ഗ്രസ് ഭരണഘടനയിലുളള ചില കാര്യങ്ങള്‍ പ്രധാനമായും ചെയര്‍മാനും വര്‍ക്കിങ് ചെയര്‍മാനുള്ള പാരഗ്രാഫ് അംഗീകരിക്കാന്‍ ജോസ് കെ.മാണി തയ്യാറാകാത്തതാണു പ്രശ്‌നങ്ങള്‍ വഷളാക്കിയത്.
Also Read: രണ്ടിലയില്ലാത്തത് ഒരു ഫാക്ടറെന്ന് ജോസ്; ദൈവ നിശ്ചയം അംഗീകരിക്കുന്നെന്ന് ജോസ് ടോം
പാലായില്‍ രണ്ടുകൂട്ടരും പ്രശ്‌നമുണ്ടാക്കിയെന്ന പ്രസ്താവന തെറ്റാണെന്നും പ്രശ്‌നമുണ്ടാക്കിയത് ആരെന്നു യുഡിഎഫ് പരിശോധിക്കണം. തന്നെ കൂവിയപ്പോള്‍ ആരും ഖേദം പ്രകടിപ്പിച്ചില്ല. തെറ്റുതിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും പിജെ ജോസഫ് പറഞ്ഞു.