കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയതല്ലെന്നും സ്വയം പുറത്തു പോയതാണെന്നും പി.ജെ.ജോസഫ്. പുറത്താക്കി എന്നു പറയുന്നത് ശരിയല്ല. വേറെ ചില ധാരണകൾക്കായാണ് ജോസ് വിഭാഗം പുറത്തുപോയത്. നല്ല കുട്ടിയായി തിരിച്ചുവരികയാണെങ്കിൽ യുഡിഎഫിൽ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജോസ് വിഭാഗത്തിന്റെ അടിത്തറ ഇളകുകയാണ്. ജോസ് വിഭാഗത്തിൽനിന്ന് ഇന്നും രാജിയുണ്ടാകും. കോട്ടയത്തുനിന്നും പത്തനംതിട്ടയിൽനിന്നും കൂടുതൽ നേതാക്കൾ പുറത്തു വരും. കേരള കോൺഗ്രസിന്റെ ഭരണഘടനയിൽ ചെയർമാന് തുല്യമാണ് വർക്കിങ് ചെയർമാൻ എന്ന് മാണി സാർ രേഖപ്പെടുത്തിയിട്ടുണ്ട്. അത് അംഗീകരിക്കാൻ തയാറാകാത്തതാണ് പ്രശ്നമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
Read Also: പാര്‍ട്ടിയേയും വീടിനേയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചത് തടഞ്ഞതാണോ എന്റെ കുറ്റം?: ജോസ് കെ.മാണി
എന്‍ഡിഎയിലേക്കാണോ എല്‍ഡിഎഫിലേക്കാണോ ജോസ് പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. ഇടതുമുന്നണിയുമായി കൂട്ടുകെട്ടുണ്ടാവാം. എൽഡിഎഫ് എത്ര സീറ്റ് നൽകിയാലും ജോസ് വിഭാഗം വിജയിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടന്ന് കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ.മാണി വിഭാഗം ഒഴിയണമെന്ന യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗവുമായി പങ്കുവയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള ധാരണ.
പുറത്താക്കിയില്ല, മാറ്റി നിര്‍ത്തിയതാണെന്ന് യുഡിഎഫ് കണ്‍വീനര്‍
അതേസമയം, ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്ന വിശദീകരണവുമായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാനും പറഞ്ഞു. രണ്ട് ദിവസം മുമ്പ് അദ്ദേഹമാണ് ജോസ് കെ മാണിയെ മുന്നണിയില്‍ നിന്നും പുറത്താക്കിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
Read Also: ജോസ് പക്ഷത്തിന് സ്വാഗതം, പക്ഷെ പാലാ സീറ്റ് വിട്ടുതരില്ലെന്ന് മാണി സി കാപ്പൻ
ജോസ് വിഭാഗത്തെ മുന്നണിയില്‍ നിന്നും മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തതെന്നാണ് കണ്‍വീനര്‍ ഇപ്പോള്‍ പറയുന്നത്. ഇക്കാര്യത്തിലെ ആശയക്കുഴപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച്ച പരിഹരിച്ചുവെന്നും ബെന്നി ബഹന്നാന്‍ പറയുന്നു. ജോസ് പക്ഷത്തെ മാറ്റി നിര്‍ത്താന്‍ യുഡിഎഫ് തീരുമാനിച്ചത് ഒറ്റക്കെട്ടായിട്ടാണെന്നും നിലപാട് മാറ്റിയാല്‍ തിരിച്ചു വരാമെന്നും ബെന്നി ബഹന്നാന്‍ പറയുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവശേഷിക്കുന്ന കാലയളവിലേക്ക് കേരള കോണ്‍ഗ്രസ് എം പി ജെ ജോസഫ് പക്ഷത്തിന് നല്‍കാമെന്നുള്ള ധാരണ തെറ്റിച്ചതിനെ തുടര്‍ന്നാണ് യുഡിഎഫ് ജോസ് പക്ഷത്തിനെതിരെ നടപടി എടുത്തത്.