തിരുവനന്തപുരം: കോൺഗ്രസിന് ഇപ്പോൾ കർഷക വിരുദ്ധ നിലപാട് ഇല്ലെന്ന് കേരള കോൺഗ്രസ് (എം) നേതാവ് പി.ജെ.ജോസഫ്. മുൻപ് അങ്ങനെ ഉണ്ടായിരുന്നു, അത് ഞങ്ങൾ പറഞ്ഞ് തിരുത്തിയിട്ടുമുണ്ട്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് കർഷക വിരുദ്ധരാണെന്നായിരുന്നു കോൺഗ്രസിന്റെ മുഖപത്രമായ പ്രതിച്ഛായയിൽ മാണി എഴുതിയ ലേഖനത്തിൽ പറഞ്ഞത്.
ഇടതുപക്ഷത്തെ പുകഴ്ത്തിയും കോൺഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ചും കൊണ്ടുളളതായിരുന്നു കെ.എം.മാണിയുടെ ലേഖനം. ‘കേരള കോൺഗ്രസ് എന്തുകൊണ്ട് സമദൂരത്തിൽ’ എന്ന ലേഖനത്തിലാണ് മാണി ഇടതുപക്ഷത്തോടുളള മൃദുസമീപനം വ്യക്തമാക്കിയത്.
കർഷകർക്കുവേണ്ടി കേരള കോൺഗ്രസും എകെജിയും ഒരുമിച്ച് സമരം ചെയ്തിട്ടുണ്ടെന്ന് പാർട്ടി മുഖപത്രമായ പ്രതിച്ഛായയിലെ മാണിയുടെ ലേഖനം വ്യക്തമാക്കുന്നു. ബിജെപി, കോൺഗ്രസ് സർക്കാരുകളുടേത് കർഷകദ്രോഹ നയങ്ങളാണ്. കേരള കോൺഗ്രസ് കർഷകരുടെ താൽപര്യങ്ങൾ പറഞ്ഞപ്പോൾ റബ്ബർ മുതലാളിമാരുടെ പാർട്ടിയെന്നു പറഞ്ഞ് കോൺഗ്രസ് ആക്ഷേപിച്ചിരുന്നു. ഗാഡ്കിൽ, കസ്തൂരിരംഗൻ വിഷയങ്ങളിൽ കർഷകരെ വഞ്ചിക്കുന്ന സമീപനമാണ് കോൺഗ്രസിന്റെ സമീപത്തുനിന്നുണ്ടായത്. കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന കർഷകസൗഹൃദം ഒട്ടുമില്ലാത്ത പാർട്ടിയാണ് ബിജെപിയെന്നു മാണി ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
1974 ൽ ഹൈറേഞ്ചിൽ പേമാരിയും ഉരുൾപൊട്ടലും ഉണ്ടായി കർഷകർ ദുരിതത്തിലായപ്പോൾ അന്ന് കേരള കോൺഗ്രസിനൊപ്പം എകെജി സമരം ചെയ്തത് ഓർക്കുന്നുവെന്നാണ് മാണിയുടെ ലേഖനം പറഞ്ഞവസാനിപ്പിക്കുന്നത്.