കോട്ടയം: കേരള കോണ്‍ഗ്രസ് അധികാര വടംവലിയില്‍ പാര്‍ട്ടി പിടിക്കാനുള്ള നീക്കവുമായി പി.ജെ.ജോസഫ് വിഭാഗം. ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും കാണിച്ച് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്കി. ജോസ് കെ.മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും അവരെ വിമതപക്ഷമായേ കണക്കാക്കാന്‍ സാധിക്കൂ. മൂന്ന് എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ജോസഫ് വിഭാഗം വാദിക്കുന്നു.

കെ.എം.മാണി മരിച്ചതോടെ വര്‍ക്കിങ് ചെയര്മാന് പി.ജെ.ജോസഫ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനായെന്ന് ചൂണ്ടിക്കാണിച്ചാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരിക്കുന്നത്. സെക്രട്ടറിയായ ജോയ് എബ്രഹാം തങ്ങളുടെ പക്ഷത്തേക്ക് എത്തിയതോടെ ജോസഫ് വിഭാഗത്തിന് കാര്യങ്ങള്‍ എളുപ്പമായി. സി.എഫ്.തോമസ്, മോന്‍സ് ജോസഫ് എന്നിവരുടെ പിന്തുണയും ജോസഫ് വിഭാഗം അവകാശപ്പെടുന്നു. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ് വിഭാഗം.
Read More: കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം; കെ.എം.മാണി അനുസ്മരണത്തിനിടെ തിരഞ്ഞെടുക്കരുതെന്ന് കോടതി
ജോസഫ് വിഭാഗം പിടിമുറുക്കിയതോടെ ജോസ് കെ.മാണിയും മാണി വിഭാഗത്തിലുള്ളവരും പ്രതിസന്ധിയിലായിരിക്കുകയാണ്. വര്‍ക്കിങ് ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും ജോസഫ് വിഭാഗമായതിനാല്‍ സാങ്കേതികമായി മാണി വിഭാഗത്തിന് തിരിച്ചടിയാണ്. വിഭാഗീയത തുടരുകയാണെങ്കില്‍ പാര്‍ട്ടി വിട്ടുപോകാമെന്ന് ജോസഫ് വിഭാഗം മാണി വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി വിടുന്നവര്‍ക്ക് കേരളാ കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടപ്പെടും. കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടികളും നേരിടേണ്ടി വരും.
Read More: ‘നമ്മുടെ സാരഥി, ധീരനാം നായകന്’; രാഹുല്‍ ഗാന്ധിയെ പാട്ടുപാടി ജയിപ്പിക്കാന്‍ പി.ജെ.ജോസഫ്
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെങ്കിൽ സംസ്ഥാന കമ്മിറ്റി ചേരണം എന്ന നിർബന്ധത്തിലാണ് ജോസ് കെ.മാണി. പി.ജെ.ജോസഫിനെ ചെയർമാനാക്കി അവരോധിക്കുന്നതിനോട് ജോസ്.കെ മാണിക്കും മാണി പക്ഷത്തെ നേതാക്കൾക്കും ബുദ്ധിമുട്ടുണ്ട്. കെ.എം.മാണിയുടെ സീറ്റ് പി.ജെ.ജോസഫിന് നൽകണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം മാണി വിഭാഗം നേരത്തെ എതിർത്തിരുന്നു.
ഇരു വിഭാഗങ്ങളും തമ്മിൽ ഭിന്നത നിലനിൽക്കുന്നതിനാൽ കേരളാ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങുകയാണ്.