കോട്ടയം: കേരളാ കോണ്‍ഗ്രസിലെ ഭിന്നത കൂടുതല്‍ മൂര്‍ച്ഛിക്കുന്നു. പാര്‍ട്ടിയില്‍ ഇനിയൊരു പിളര്‍പ്പ് ഉണ്ടാകരുതെന്ന് ജോസ് കെ.മാണി പറയുമ്പോഴും മാണി – ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുകയാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ജനാധിപത്യപരമായ തീരുമാനങ്ങള്‍ എടുക്കണമെന്ന തീരുമാനത്തില്‍ ജോസ് കെ.മാണി ഉറച്ച് നില്‍ക്കുകയാണ്. യോജിപ്പോടെയും ഒരുമയോടെയും പാര്‍ട്ടി മുന്നോട്ടുപോകണം. കെ.എം.മാണി കഠിനാധ്വാനം ചെയ്ത് പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഏതെങ്കിലും തരത്തില്‍ ഛിന്നഭിന്നമായി പോകാന്‍ പാടില്ല. മാധ്യമങ്ങളില്‍ വന്നപ്പോഴാണ് ജോസഫ് വിഭാഗം നല്കിയ കത്തിനെ കുറിച്ച് അറിഞ്ഞതെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.
Read More: കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം; കെ.എം.മാണി അനുസ്മരണത്തിനിടെ തിരഞ്ഞെടുക്കരുതെന്ന് കോടതി
അതേസമയം, കേരള കോൺഗ്രസിൽ അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങിയിരിക്കുകയാണ് പി ജെ ജോസഫ്. പാർട്ടിയുടെ താൽക്കാലിക ചെയർമാനാണെന്ന് വിശദീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിന് പിന്നാലെയാണ് ഈ നീക്കം. ജോസഫിന്റെ നീക്കം പാർട്ടിഭരണഘടനയുടെ ലംഘനമാണെന്നാണ് ജോസ്.കെ മാണി വിഭാഗത്തിന്റെ നിലപാട്.
Read More: പാര്‍ട്ടി പിടിക്കാനുള്ള നീക്കവുമായി ജോസഫ് വിഭാഗം, കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്
ജോസ് കെ.മാണിയെ പിന്തുണക്കുന്ന മാണി വിഭാഗത്തിൽ നിന്നുള്ളവർ ജോസഫ് വിഭാഗത്തിന്റെ നീക്കത്തിൽ പൂർണ്ണമായും അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. പാർട്ടി പിടിക്കാനുള്ള ലക്ഷ്യത്തിലാണ് ജോസഫ് വിഭാഗം. ഇരു കൂട്ടരും തമ്മിലുള്ള ഭിന്നത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. തെരുവിൽ കോലം കത്തിച്ചും പരസ്യമായി വിമർശനങ്ങളുന്നയിച്ച് പോരടിക്കുന്നത് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്നാണ് ഇരു വിഭാഗങ്ങളും വിലയിരുത്തുന്നത്. സംസ്ഥാന കമ്മിറ്റി വിളിക്കേണ്ട ആവശ്യമില്ലെന്ന് ജോസഫ് വാദിക്കുമ്പോൾ സംസ്ഥാന കമ്മിറ്റി വിളിച്ച് മാത്രമേ ചെയർമാനെ അടക്കം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്നാണ് ജോസ് കെ. മാണിയും മാണി ഗ്രൂപ്പും ശക്തമായി വാദിക്കുന്നത്.