പാല: ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ കാരണം ജോസ് കെ.മാണിയാണെന്ന് പി.ജെ.ജോസഫ് എംഎല്‍എ. തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണെന്ന് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലായിലെ തോല്‍വി ചോദിച്ചുവാങ്ങിയതാണെന്നു ജോസഫ് പറഞ്ഞു.

ഭരണഘടനാനുസരണം തന്നെ സമീപിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ഥിക്കു രണ്ടില ചിഹ്നം അനുവദിക്കുമായിരുന്നു. അതിനാല്‍ ഈ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം ജോസ് കെ.മാണിക്കാണ്. യഥാര്‍ഥ കാരണം എന്താണെന്നു യുഡിഎഫ് പഠിക്കണം. രണ്ടില ചിഹ്നം കളഞ്ഞത് ജോസ് കെ.മാണിയാണെന്നും പി.ജെ.ജോസഫ് പറഞ്ഞു.

Read Also: പാലാ വിജയം ഇടതു സര്‍ക്കാരിനും പിണറായിക്കും കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി നടേശന്‍

അതേസമയം, പാലായിലെ ജനവിധി അംഗീകരിക്കുന്നവെന്നു ജോസ് കെ മാണി പറഞ്ഞു.  പ്രസ്താവനകളും ചിഹ്നം ലഭിക്കാതിരിക്കാനുള്ള പിടിവാശികളുമാണു രാഷ്ട്രീയമായ പക്വതയെന്നു കരുതുന്നില്ല. മറുപടികള്‍ ഇല്ലാത്തതുകൊണ്ടല്ല മറിച്ച്, ഇപ്പോള്‍ മറുപടി പറഞ്ഞാല്‍ ആരെയാണു സഹായിക്കുകയെന്ന തിരിച്ചറിവാണു ശരിയായ പക്വതയെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ജോസ് കെ.മാണി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ 2943 വോട്ടിനാണു വിജയിച്ചത്. കെ.എം.മാണിയുടെ മരണത്തെത്തടർന്നാണു പാലായിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ജോസ് ടോം ആയിരുന്നു കേരളാ കോൺഗ്രസ് എം സ്ഥാനാർഥി. പി.ജെ.ജോസഫും ജോസ് കെ.മാണി പക്ഷവും തമ്മിലുള്ള ഭിന്നതയെത്തുടർന്നാണ് കേരളാ കോൺഗ്രസ് എം സ്ഥാനാർഥിക്കു രണ്ടില ചിഹ്നം നഷ്ടമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.