ഇടുക്കി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനു നൽകിയ എല്ലാ സീറ്റുകളും ഇത്തവണയും ലഭിക്കണമെന്ന് പി.ജെ.ജോസഫ്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് വേണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെടുമെന്ന് ജോസഫ് പറഞ്ഞു. കേരള കോൺഗ്രസിലെ നേതാക്കൾ ജോസ് കെ.മാണി കൈവിട്ടു. നേതാക്കളും പ്രവർത്തകരും ഇപ്പോൾ തനിക്കൊപ്പമാണെന്നും ജോസഫ് അവകാശപ്പെട്ടു. നിലവില്‍ നല്‍കിയ സീറ്റുകള്‍ നിലനിര്‍ത്തണം. സീറ്റുകള്‍വച്ചുമാറുന്നതിൽ യുഡിഎഫുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.

Read Also: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ മാർച്ചിൽ; സിറം ഇൻസ്‌റ്റിറ്റ‌്യൂട്ട്

“നേരത്തെ കേരള കോൺഗ്രസ് (എം) മത്സരിച്ച സീറ്റുകളിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കുന്നതാണ് ഉചിതം. ജോസ് കെ.മാണിയെ പരാജയപ്പെടുത്തും. മുതിർന്ന നേതാക്കൾ അടക്കം ഞങ്ങൾക്കൊപ്പമാണ്. ഇടയ്‌ക്കിടെ അർത്ഥശൂന്യമായ പ്രസ്‌താവനകൾ നടത്തുന്ന റോഷി അഗസ്റ്റിൻ മാത്രമാണ് ജോസ് കെ.മാണിക്കൊപ്പമുള്ളത്. ജോസ് കെ.മാണിയുടെ കുഴലൂത്തുകാരനായി അദ്ദേഹം മാറി. ദിശാബോധമില്ലാതെ ഒഴുകിനടക്കുന്ന ഒരു ഗ്രൂപ്പാണ് ജോസ് കെ.മാണിയുടേത്,” ജോസഫ് പറഞ്ഞു.

Read Also: രാജ്യത്ത് കോവിഡ് വ്യാപനതോത് കുറയുന്നു

അതേസമയം, ജോസ് കെ.മാണി വിഭാഗം വിട്ടുപോയ സാഹചര്യത്തിൽ കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്ന ചില സീറ്റുകൾ ഏറ്റെടുക്കാനുള്ള ആലോചനയിലാണ് കോൺഗ്രസ്. എന്നാൽ, കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്ന എല്ലാ സീറ്റുകളും അടുത്ത തവണയും തങ്ങൾക്ക് വേണമെന്ന് ജോസഫ് പ്രസ്‌താവിച്ചതോടെ യുഡിഎഫ് നേതൃത്വവും വെട്ടിലാകും.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.