തൊടുപുഴ: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗം ഉടന്‍ വിളിക്കേണ്ട ആവശ്യമില്ലെന്ന് പി.ജെ.ജോസഫ് എംഎല്‍എ. പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന ജോസ്.കെ.മാണിയുടെ ആവശ്യത്തെ തള്ളിയാണ് പി.ജെ.ജോസഫ് രംഗത്തെത്തിയത്.

Read More: പാര്‍ട്ടി ചെയര്‍മാനെ തീരുമാനിക്കുക സംസ്ഥാന കമ്മിറ്റി: ജോസ് കെ.മാണി

സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെങ്കില്‍ ആദ്യം ഇതിനുള്ള സാഹചര്യം അറിയിക്കണം. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. സി.എഫ്.തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. ജോസ് കെ.മാണിക്ക് വര്‍ക്കിങ് ചെയര്‍മാനാകാം എന്നും ജോസഫ് പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിച്ചാല്‍ ഡപ്യൂട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നാണ് ചട്ടമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും പാര്‍ട്ടി ചെയര്‍മാനെ തീരുമാനിക്കുക സംസ്ഥാന കമ്മിറ്റിയായിരിക്കുമെന്നുമാണ് ജോസ് കെ.മാണി കഴിഞ്ഞ ദിവസം പറഞ്ഞത്. ജനാധിപത്യ രീതിയില്‍ തന്നെയായിരിക്കും ചെയര്‍മാനെ തിരഞ്ഞെടുക്കുക എന്നും പി.ജെ.ജോസഫുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ജെ.ജോസഫിന് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി ജോസഫ് വിഭാഗവും രംഗത്തുണ്ട്. എന്നാല്‍, ജോസ് കെ.മാണിക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവും ഒരു ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. പി ജെ ജോസഫിന് താല്‍ക്കാലിക ചുമതല നൽകിയത് പാർട്ടി ആലോചിച്ചിട്ടാണോ എന്ന ചോദ്യത്തിനും എല്ലാം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു.

Read More: ‘വെല്ലുവിളിച്ചവര്‍ വാക്ക് പാലിക്കുമോ?’; വോട്ടെണ്ണലിനൊപ്പം ചങ്കിടിപ്പും

കെ.എം.മാണി അനുസ്മരണത്തിനിടെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കെ.എം.മാണി അനുസ്മരണ ചടങ്ങിനിടെ ചെയര്‍മാനെ തിരഞ്ഞെടുക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, ഇതിനെതിരെ കൊല്ലം ജില്ലാ സെക്രട്ടറി മനോജ് കോടതിയെ സമീപിക്കുകയായിരുന്നു. അനുസ്മരണ ചടങ്ങിനിടെ ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന് മനോജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.