പാലാ: കേരളാ കോണ്‍ഗ്രസില്‍ തനിക്ക് ആധിപത്യം നല്‍കി അംഗീകരിച്ചാല്‍ ചിഹ്നം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് പി.ജെ.ജോസഫ് എംഎല്‍എ. വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് ഓഫ് ചെയര്‍മാന്‍ എന്ന് കത്ത് നല്‍കി അംഗീകരിച്ചാല്‍ രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ.മാണി പക്ഷം തന്നെ അംഗീകരിക്കാത്ത പക്ഷം പാര്‍ട്ടി ചിഹ്നം നല്‍കുന്ന കാര്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ജോസഫ് വ്യക്തമാക്കി.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി താന്‍ പ്രചാരണം നടത്തുമെന്നും പി.ജെ.ജോസഫ് പറയുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് ജോസ് ടോം എന്നാണ് ജോസഫ് വാദിക്കുന്നത്. ജോസ് കെ.മാണിയെ ചെയര്‍മാനായി അംഗീകരിക്കുന്ന സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയല്ല എന്നാണ് ജോസഫ് പറയുന്നത്. എന്നാല്‍, യുഡിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പാലാ ഉപതിരഞ്ഞെടുപ്പ്: നിലപാടിലുറച്ച് ജോസഫ്; ‘രണ്ടില’ ചിഹ്നം തരില്ല

രണ്ടില ചിഹ്നത്തിനു വേണ്ടിയുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ വിഷയത്തില്‍ വ്യക്തതയുമായി ജോസ് കെ.മാണിയും രംഗത്തെത്തി. പി.ജെ.ജോസഫിനോട് രണ്ടില ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല എന്ന വാര്‍ത്ത ജോസ് കെ.മാണി നിഷേധിച്ചു. രണ്ടില ചിഹ്നം സ്ഥാനാര്‍ഥി ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ജോസ് കെ.മാണി പറയുന്നത്. മാണി സര്‍ പാലായിലെ ജനങ്ങളുടെ ചിഹ്നമാണ്. അത് ജനങ്ങളുടെ മനസ്സില്‍ നിന്ന് പറിച്ചുകളയാന്‍ സാധിക്കില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജോസ് കെ.മാണിക്കൊപ്പം എത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജില്ലാ വരണാധികാരിക്ക് തീരുമാനം എടുക്കാം എന്നാണ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞത്. തന്നെ അംഗീകരിക്കാത്ത പക്ഷം ചിഹ്നം അനുവദിക്കില്ല എന്ന ഉറച്ച നിലപാടില്‍ ജോസഫ് തുടരുന്നതിനാല്‍ ജോസ് കെ.മാണി വിഭാഗം ആശങ്കയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.