പിറവം: പിറവം വലിയ പള്ളിത്തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ എത്തിയ പൊലീസിനെതിരെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം. സുപ്രീം കോടതി വിധി നടപ്പാക്കാൻ അനുവദിക്കുകയില്ലെന്നും പൊലീസ് പിന്മാറണമെന്നും അവശ്യപ്പെട്ട് വിശ്വാസികൾ ആത്മഹത്യ ഭീഷണി മുഴക്കി. സ്ഥലത്ത് സംഘർഷാവസ്ഥ നില നിൽക്കുകയാണ്. സുപ്രീകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കവേയാണ് സർക്കാരിന്റെ നീക്കം.

പ്രകോപിതരായ ഒരു വിഭാഗം സ്ത്രീകൾ ഉൾപ്പടെയുള്ളവർ ശരീരത്തിൽ മണ്ണെണ്ണ ഒഴിക്കുകയും പള്ളിക്ക് മുകളിൽ കയറി നിന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പിറവം ടൗണിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പള്ളി പിടിച്ചടക്കുന്നതിനുള്ള ശ്രമമാണെന്ന് ആരോപിച്ച് യാക്കോബായ വിഭാഗക്കാർ പ്രതിഷേധത്തിലായിരുന്നു. ഞായറാഴ്ച നടന്ന കുർബാനയ്ക്ക് ശേഷവും ആളുകൾ പള്ളിയിൽ തന്നെ തങ്ങിയിരുന്നു.

പിറവം പള്ളിയിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണ നിർവ്വഹണം വേണം എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധിയുടെ പശ്ചാത്തലത്തിൽ യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയിൽ കഴിഞ്ഞ മെയ് മാസത്തിൽ പള്ളിയിൽ പ്രവേശിച്ച് കുർബാന നടത്താൻ ഓർത്തഡോക്സ് വിഭാഗക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ കലക്ടർ ചർച്ച വിളിക്കുകയും നിയമോപദേശം തേടിയ ശേഷം വിധി നടപ്പിലാക്കാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഈ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് ഓർത്തഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ