കൊച്ചി: പിറവം വലിയ പള്ളിയിൽ ഞായറാഴ്ച ആരാധന നടത്താന്‍ ഓർത്തഡോക്‌സ് പക്ഷത്തിനു ഹൈക്കോടതിയുടെ അനുമതി. മലങ്കര മെത്രാപ്പോലീത്ത നിയമിക്കുന്ന വികാരിക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ചെയ്തുകൊടുക്കണമെന്നും കോടതി പറഞ്ഞു. ആരെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാൻ കോടതി ഉത്തരവിട്ടു.
ഞായറാഴ്‌ച കുർബാനയ്ക്ക് അവസരം ഒരുക്കണമെന്ന ഓർത്തഡോക്‌സ് പക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണു ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ഇടവകക്കാർ മരിച്ചാൽ സംസ്കാ രത്തിന് നിയമാനുസൃത സൗകര്യം ഒരുക്കണമെന്നു കോടതി പറഞ്ഞു.
Read Also: ഇത് കരുത്തുപകരുന്ന ജനവിധി; ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പിണറായി
1934 ലെ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികളെ ഞായറാഴ്‌ച ആരാധനയിൽ പങ്കെടുപ്പിക്കണം. പ്രശ്നമുണ്ടാക്കുന്നവരെ ഹൈക്കോടതിയിൽ നിന്നു മറ്റൊരു ഉത്തരവുണ്ടാവുന്നതു വരെ മോചിപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായും പള്ളി പൂട്ടി താക്കോൽ കൈവശം സൂക്ഷിക്കുകയാണെന്നും ജില്ലാ കലക്ടർക്കുവേണ്ടി വേണ്ടി സർക്കാർ അറിയിച്ചു. പ്രദേശത്ത് പൊലീസ് സന്നാഹം തുടരാനും കോടതി ഉത്തരവിട്ടു. ക്രമസമാധാന പ്രശ്നമുണ്ടങ്കിൽ ഉടൻ കോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്.
Read Also: പിറവം പള്ളി: പൂട്ടുപൊളിച്ച് പൊലീസ് പള്ളിക്കുള്ളിൽ, യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കി
പിറവം പള്ളിക്കു കീഴിലുള്ള ചാപ്പലുകൾ കലക്ടർ ഏറ്റെടുത്തിട്ടില്ലന്ന് ഓർത്തഡോക്സ് പക്ഷം കോടതിയെ അറിയിച്ചു. അക്കാര്യം പള്ളിയുടെ നിയമാനുസൃത ഭരണ സംവിധാനത്തിനു തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. പള്ളിയിൽ പ്രവേശനത്തിന് അധികാരികൾക്ക് അപേക്ഷ നൽകാമെന്നു യാക്കോബായ പക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ നിയമാനുസൃത വികാരിയെ അംഗീകരിച്ചു മുന്നോട്ടുപോകാൻ കോടതി നിർദേശിച്ചു.