കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം പിറവത്ത് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചു. ഹൈക്കോടതി ഉത്തരവനുസരിച്ച് വ്യാഴാഴ്ച ഉച്ചയോടെ യാക്കോബായ മെത്രപൊലിത്തമാരുൾപ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ പ്രദേശത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം ഹർത്താലിന് ആഹ്വാനം ചെയ്യുന്നതിന് ഏഴ് ദിവസം മുമ്പെങ്കിലും നോട്ടീസ് നൽകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുൻകൂർ നോട്ടീസ് നൽകാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി വിധി. നേരത്തെ നോട്ടീസ് നൽകാതെ ഹർത്താൽ ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ ഹൈക്കോടതി നിയമനടപടികൾ സ്വീകരിച്ചിരുന്നു.

Also Read: പിറവം പള്ളി: പൂട്ടുപൊളിച്ച് പൊലീസ് പള്ളിക്കുള്ളിൽ, യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കി

പള്ളിയുടെ ചുമതല ജില്ലാ കലക്ടർ ഏറ്റെടുത്തിരുന്നു. ഇന്നലെ ഉച്ചയോടെ പള്ളിക്കുള്ളില്‍നിന്ന് യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കി, മുറികളും ഗേറ്റും സീൽ ചെയ്ത് താക്കോൽ ഇന്ന് ഹൈക്കോടതിയെ ഏൽപ്പിക്കും. പള്ളിക്കുള്ളില്‍ തമ്പടിച്ചിരിക്കുന്ന മുഴുവന്‍ യാക്കോബായ പക്ഷക്കാരെയും അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.45നുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.

പൊലീസിനൊപ്പം പള്ളിയില്‍ പ്രവേശിച്ച കലക്ടര്‍ എസ്.സുഹാസ് യാക്കോബായ വിഭാഗം വിശ്വാസികളുമായി സംസാരിച്ചു. ഹൈക്കോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ വേറെ മാര്‍ഗമില്ലെന്നും സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു അറസ്റ്റ്. നിയമപരമായ എല്ലാ കാര്യങ്ങളും ചെയ്തെന്നു കലക്ടര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.