കൊച്ചി: പിറവം പള്ളിക്കേസിൽ ഓർത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായി ഹെെക്കോടതി വിധി. പള്ളിയിൽ ഓർത്തഡോക്‌സ് പക്ഷത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. യാക്കോബായ പക്ഷത്തിന്റെ കൈവശമുള്ള പള്ളിയിൽ പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് പക്ഷത്തെ ഫാദർ സ്ക്കറിയ വട്ടക്കാട്ടിൽ സമർപ്പിച്ച ഹർജി അനുവദിച്ചാണ് ജസ്റ്റിസ് എ.എം.ഷെഫീഖ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.
2017 ജുലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരമാണ് ഇപ്പോഴത്തെ ഉത്തരവ്. പൊലീസിന് ഹൈക്കോടതി പൂർണ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു. പൊലീസിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇടവകാംഗങ്ങളുടെ പള്ളി പ്രവേശനത്തിന് സമർപ്പിച്ച മാർഗനിർദേശങ്ങളുമായി പൊലീസിനു മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
Read Also: സഭാ തര്‍ക്കം; സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി
2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരം മലങ്കര സഭയിലെ പള്ളികൾ 1934 ലെ ഭരണഘടന പ്രകാരമാണ് ഭരിക്കപ്പെടേണ്ടതെന്നും സമാന്തര ഭരണം പാടില്ലെന്നും ആരാധനയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഓർത്തഡോക്‌സ് പക്ഷം കോടതിയെ സമീപിച്ചത്.
പിറവം പള്ളി വിഷയത്തിൽ ഓർത്തഡോക്‌സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മിൽ ഭിന്നത നിലനിൽക്കുകയാണ്. പിറവം പള്ളിയിൽ ആരാധനയ്‌ക്കെത്തിയ ഓർത്തഡോക്‌സ് വിഭാഗം വിശ്വാസികളെ യാക്കോബായ വിശ്വാസികൾ തടയുകയും പള്ളിയിൽ സംഘർഷാവസ്ഥയുണ്ടാകുകയും ചെയ്തിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.