കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിക്കുളളിൽ തമ്പടിച്ചിരിക്കുന്ന യാക്കോബായ പക്ഷത്തെ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാൻ ഹൈക്കോടതിയുടെ നിർദേശം. ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45 നു റിപ്പോർട്ട് നൽകാൻ സർക്കാരിനു നിർദേശം നൽകി. പള്ളിയുടെ ഗേറ്റ് പൂട്ടാൻ യാക്കോബായ പക്ഷത്തിന് എന്തധികാരമെന്നു കോടതി ചോദിച്ചു. വിശ്വാസികളെ തടയാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്? ആരെയും തടയാൻ നിങ്ങൾക്ക് അധികാരമില്ലെന്നും കോടതി പറഞ്ഞു.
മറുപടിക്കു സാവകാശം തേടിയ യാക്കോബായ പക്ഷത്തിനു കോടതി അനുമതി നിഷേധിച്ചു. നിങ്ങളുടെ മറുപടി വേണ്ടെന്നു കോടതി പറഞ്ഞു. പിറവം പള്ളിയിൽ ആരാധനയ്ക്ക് തങ്ങൾക്കു പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഓർത്തഡോക്സ് പക്ഷം നൽകിയ ഹർജിയിലാണു ഹൈക്കോടതി കർശന നിലപാടെടുത്തത്.
പള്ളി ഏറ്റെടുത്ത് കൈമാറാൻ പൊലീസിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ സമർപ്പിച്ച ഉപഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ട ജസ്റ്റിസ് എ.എം. ഷെഫീഖ് അധ്യക്ഷനായ ബഞ്ചാണു കേസ് പരിഗണിച്ചത്. ഉത്തരവ് നടപ്പാക്കുന്നില്ലെന്നും പൊലീസ് നിശബ്ദ കാഴ്ചക്കാരാണെന്നും ഓർത്തഡോക്സ് പക്ഷം ചൂണ്ടിക്കാട്ടി. സർക്കാർ യാക്കോബായ പക്ഷത്തെ സഹായിക്കുകയാണന്നും ഓർത്തഡോക്സ് പക്ഷം കോടതിയെ ബോധിപ്പിച്ചു.
Read Also: മലങ്കര സഭാ തര്‍ക്കം; സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ വീഴ്ചയും
പിറവം പള്ളിയിലും പള്ളിക്കു പുറത്തുമായി ഇരുവിഭാഗങ്ങളും തമ്പടിച്ചിരിക്കുകയാണ്. ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്റെ നേതൃത്വത്തിൽ മെത്രാൻമാരും വിശ്വാസികളും അഖണ്ഡ പ്രാർത്ഥന തുടരുന്നു. ഓർത്തഡോക്സ് പക്ഷം തോമസ് മാർ അത്താനാസ്യോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ പള്ളി ഗേറ്റിനുമുന്നിൽ പന്തൽ കെട്ടി സഹനസമരവും നടക്കുന്നുണ്ട്. വൻ പൊലിസ് സന്നാഹം പള്ളിയുടെ പരിസരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് അമ്പതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ പ്രബലരായ രണ്ടു വിഭാഗങ്ങളാണ് യാക്കോബായ വിഭാഗവും ഓര്‍ത്തഡോക്‌സ് വിഭാഗവും. മലങ്കര സഭയിലാണു രണ്ടു വിഭാഗങ്ങളും ഉള്‍പ്പെടുന്നത്. 1912 ലാണു മലങ്കര സഭ രണ്ടു വിഭാഗങ്ങളായി പിളരുന്നത്. ഒരു വിഭാഗം യാക്കോബായയും രണ്ടാമത്തേത്ത് ഓര്‍ത്തഡോക്‌സും.
1959 ല്‍ ഇരു വിഭാഗങ്ങളും യോജിച്ചു. എന്നാല്‍ യോജിപ്പ് 1972-73 വരെയാണു നിലനിന്നത്. പിളര്‍പ്പ് രൂക്ഷമായ ശേഷം പള്ളികളുടെ പേരിലും സ്ഥാവര ജംഗമ വസ്തുക്കളുടെ പേരിലും യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടായി. അധികാരം ഉപയോഗിച്ച് ദേവാലയങ്ങളില്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇരു വിഭാഗങ്ങളും പരിശ്രമിച്ചു. പിന്നീട് വിഷയം കോടതിയിലേക്കു നീങ്ങി. വിവിധ ഹര്‍ജികൾ കോടതികളിലെത്തി.
വിവിധ ദേവാലയങ്ങളുടെ അവകാശത്തെ ചൊല്ലിയാണു തര്‍ക്കമുണ്ടായിരുന്നത്. ഈ കേസുകളാണു കോടതിയിലെത്തിയതും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കേസായിരുന്നു സെന്റ്.മേരീസ് പിറവം പള്ളിക്കായുള്ള അവകാശവാദം. എറണാകുളം ജില്ലയിലാണു പിറവം പള്ളി സ്ഥിതി ചെയ്യുന്നത്. യാക്കോബായ വിഭാഗത്തിന്റെ കൈവശം ഉള്ള പിറവം പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുനല്‍കണമെന്ന സുപ്രധാന വിധിയാണു 2017 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത്.
എന്നാല്‍, രണ്ടു വര്‍ഷം പൂര്‍ത്തിയായിട്ടും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിച്ചില്ല. സർക്കാർ വിധി നടപ്പിലാക്കത്തതിനെതിരെ ഓർത്തഡോക്‌സ് സഭ പിന്നീട് ഹെെക്കോടതിയെ സമീപിക്കുകയായിരുന്നു.