തിരുവനന്തപുരം: കേരള നിയമസഭാ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണന് ജോലിയിൽ നിന്നും സ്വയംവിരമിക്കൽ പദ്ധതി പ്രകാരം വിരമിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. സർവീസിൽ നിന്നും വിരമിക്കാൻ ഇനിയും അഞ്ച് വർഷം ബാക്കി നിൽക്കെയാണ് ശ്രീരാമകൃഷ്ണന് സ്വയം വിരമിക്കാൻ സർക്കാർ അനുമതി നൽകിയത്.
കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യമായ ശ്രീരാമകൃഷ്ണൻ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ മേലാറ്റൂർ ആർഎം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. അധ്യാപനത്തിൽ നിന്നും അവധിയെടുത്താണ് അദ്ദേഹം നിയമസഭയിലേയ്ക് മൽസരിച്ചത്.
സ്കൂളിലെ മലയാളം അധ്യാപകനാണ് സ്‌പീക്കർ ശ്രീരാമകൃഷ്ണൻ. പൊന്നാനി നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് ശ്രീരാമകൃഷ്ണൻ നിയമസഭയിലേയ്ക്ക് എത്തുന്നത്.
പാലൊളി മുഹമ്മദ് കുട്ടി മൽസര രംഗത്ത് നിന്നും പിന്മാറിയ 2011 ലാണ് ശ്രീരാമകൃഷ്ണൻ ഇവിടെ സിപിഎമ്മിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2016 ൽ വീണ്ടും ഈ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.