മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ഇതേ തുടര്‍ന്ന് അറസ്റ്റ് നിയമപരമാണോയെന്നറിയാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടി. സംഭവത്തില്‍ തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രി നേരിട്ട് ഡിജിപിയെ അറിയിച്ചതോടെയാണ് നിയമോപദേശം തേടിയത്.
സ്റ്റേഷനില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയശേഷമാണ് സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ വനിതാ കമ്മിഷന് അധ്യക്ഷ എം.സി.ജോസഫൈന് വിമര്‍ശിച്ചു. തിയേറ്റര്‍ ഉടമയ്ക്കെതിരെയുളളത് കെട്ടിച്ചമച്ച കുറ്റാരോപണമെന്നും അറസ്റ്റ് അപലപനീയമെന്നും അവര്‍ പറഞ്ഞു.
തിയേറ്റര്‍ ഉടമ സതീഷ് ആയിരുന്നു കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ല. ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും 17 ദിവസമാണ് പൊലീസ് കേസ് എടുക്കാതിരുന്നത്. പ്രതി മൊയ്തീന് കുട്ടിയുടെ ഉന്നത ബന്ധങ്ങള്‍ മൂലമാണ് കേസെടുക്കാന്‍ മടിച്ചത്. കേസ് എടുക്കാതിരുന്നതിന് എസ്ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു.
തിയേറ്ററില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനുപിന്നാലെ തൃത്താലയിലെ പ്രമുഖ വ്യവസായി ആയ മൊയ്തീന് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പോക്സോ നിയമത്തിലെ ആറ്, ഏഴ് വകുപ്പുകളാണ് മൊയ്തീന്‍കുട്ടിക്കെതിരെ ചുമത്തിയത്.
ഏപ്രില്‍ 18 ന് എടപ്പാളിലെ ഒരു തിയേറ്ററില്‍ ആയിരുന്നു സംഭവം. തിയേറ്ററിനകത്ത് വച്ച് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഏപ്രില്‍ 26 ന് പീഡനവിവരം തിയേറ്റര്‍ ഉടമ ചൈല്ഡ്ലൈന് അധികൃതര്‍ മുഖേന പൊലീസില്‍ അറിയിച്ചുവെങ്കിലും മൊയ്തീന്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. പീഡനത്തിന്റെ സിസിടിവി ദൃശ്യം ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് പൊലീസ് കേസെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.