തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരളാ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ടീമിന് അഭിനന്ദനമറിയിച്ചത്. ”പതിനാലു വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും അഭിനന്ദനങ്ങള്‍,” പിണറായി വിജയന്‍ പറയുന്നു.

ആവേശകരമായ മത്സരത്തിലൂടെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ബംഗാളിനെ തോല്‍പ്പിച്ച് നേടിയ ഈ കീരിട നേട്ടം കേരളത്തിന് അഭിമാനവും ആവേശവുമാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടില്‍ തകര്‍ത്ത് കേരളത്തിന് സന്തോഷ് ട്രോഫി കിരീടം. കേരളത്തിന്റെ ഗോളി മിഥുന്റെ തകര്‍പ്പന്‍ പ്രകടനമാണ് കൈവിട്ടെന്ന് കരുതിയ കിരീടം കേരളത്തിലെത്തിച്ചത്. 4-2നാണ് കേരളത്തിന്റെ വിജയം.

കളിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ തീര്‍ത്ഥാങ്കര്‍ സര്‍ക്കാരിന്റെ ഗോളില്‍ നഷ്ടപ്പെട്ട കളി പശ്ചിമ ബംഗാള്‍ തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരിക്കും ഇന്ന് അരങ്ങേറിയ ഫൈനല്‍. അവസാന നിമിഷം വരെ വിജയത്തിനായി കേരളവും ബംഗാളും പോരാടിയപ്പോള്‍ പിറന്നത് സന്തോഷ് ട്രോഫിയുടെ പ്രതാപ കാലത്തേക്കുള്ള മടക്കയാത്ര കൂടിയാണ്.

അധികസമയത്തിന്റെ 27ാം മിനുറ്റില്‍ വിപിന്‍ തോമസ് നേടിയ ഗോളിന്റെ കരുത്തില്‍ കേരളം വിജയം ഉറപ്പിച്ചതായിരുന്നു. ആറാമത്തെ സന്തോഷ് ട്രോഫിയാണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തി സ്വന്തമാക്കിയത്. രണ്ട് തവണ ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനെതിരായ വിജയം കേരളത്തിന് മധുര പ്രതികാരമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ