കണ്ണൂര്‍: വനിതാ ജയിലില്‍ തൂങ്ങിമരിച്ച പിണറായി കൂട്ടക്കൊലകേസ് പ്രതി സൗമ്യയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസിക സംഘര്‍ഷവും വീട്ടുകാരുടെ ഒറ്റപ്പെടുത്തലും കാരണം ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം, ജയിലില്‍ ആത്മഹത്യ ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറാകുന്നില്ല.

കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച സൗമ്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം സഹകരണ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബന്ധുക്കള്‍ നിരസിച്ച സാഹചര്യത്തില്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് പൊലീസ് ആലോചന.

കണ്ണൂര്‍ വനിതാ ജയിലിലാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു സൗമ്യ. മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊന്നുവെന്നാണ് സൗമ്യയ്‌ക്കെതിരായ കേസ്. കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസ് കേസ്.

പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കമല (65), കുഞ്ഞിക്കണ്ണന്‍ (80), ഐശ്വര്യ (ഒന്‍പത്) എന്നിവരാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന്പൊലീസ് കണ്ടെത്തുകയായിരുന്നു. മകള്‍ക്ക് ചോറിലും മത്സ്യത്തിലും മാതാപിതാക്കള്‍ക്കു രസത്തിലും എലിവിഷം നല്‍കിയാണ് കൊലപ്പെടുത്തിയത്. മകളുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലാണ് വിഷം ഉളളില്‍ചെന്നാണ് മരണമെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ സൗമ്യം കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് ഏപ്രില്‍ 24ന് സൗമ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സൗമ്യയുടെ വഴിവിട്ട ജീവിതത്തിന് തടസ്സമായി നിന്നതാണ് കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. മകളെയും മാതാപിതാക്കളെയും ഒഴിവാക്കി വഴിവിട്ട ജീവിതം തുടരാനായിരുന്നു സൗമ്യയുടെ നീക്കം. എന്നാല്‍ മാതാപിതാക്കള്‍ എതിര്‍ത്തതോടെ അവരെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സൗമ്യയുടെ ജീവിത രീതിയാണ് ബന്ധം ഒഴിയാന്‍ കാരണമെന്ന് മുന്‍ ഭര്‍ത്താവും പൊലീസിന് മൊഴി നല്‍കിയിരുന്നു. പതിനെട്ട് വയസ്സുള്ളപ്പോഴാണ് സൗമ്യയെ പ്രണയിച്ച് വിവാഹം കഴിച്ചതെന്നും വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോള്‍ സൗമ്യ വിഷം കുടിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ