കൊച്ചി: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആറ്റിങ്ങലില്‍ എട്ടു വയസുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷ നല്കി പൊലീസുകാരി. തനിക്കു മൂന്നു കുട്ടികളുണ്ടെന്നു പൊലീസുകാരി മാപ്പപേക്ഷയില്‍ കോടതിയെ അറിയിച്ചു.
പൊലീസുകാരി മാപ്പ് പറഞ്ഞതില്‍ മറുപടി അറിയിക്കാന്‍ കോടതി പെണ്‍കുട്ടിക്ക് സമയം അനുവദിച്ചു. അതേസമയം, മാപ്പ് സ്വീകരിക്കില്ലെന്നു പറഞ്ഞ പെൺകുട്ടിയുടെ പിതാവ് ജയചന്ദ്രൻ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി.
” പൊലീസുകാരിയെ സംരക്ഷിച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ്. ഞങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. അതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്. കോടതിയിൽ പ്രതീക്ഷയുണ്ട്. കേസ് കോടതിയിലെത്തുന്നതുവരെ മാപ്പ് പറയാൻ പൊലീസ് ഉദ്യോഗസ്ഥ തയാറായില്ല. ഉദ്യോഗസ്ഥയെ പിരിച്ചുവിടണം. മാനനഷ്ടത്തിനു നഷ്ടപരിഹാരം ലഭിക്കണം,” ജയചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിക്ക് അനുകൂലമായി എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്നു കേസിൽ ജസ്റ്റിസ് ദേവന് രാമചന്ദ്രന് സർക്കാരിനു നിർദേശം നൽകി. റിപ്പോര്‍ട്ട് നല്കാന് തിരുവനന്തപുരം റൂറല്‍ പൊലീസ് മേധാവിയോടും കോടതി നിര്‍ദേശിച്ചു.
ആറ്റിങ്ങല്‍ സ്വദേശിയായ ജയചന്ദ്രനും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളും ഓഗസ്റ്റ് 27നാണ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയുടെ അവഹേളത്തിനിരയായത്. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണു പെണ്‍കുട്ടി ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയ റിപ്പോര്‍ട് കോടതി പരിശോധിച്ചു. കുട്ടിക്ക് മാനസികാഘാതമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി കോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ പറയുന്ന ചില കാര്യങ്ങളില്‍ തെറ്റുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പൊലീസുകാരിയുടെ പെരുമാറ്റം കൊണ്ടല്ല ജനങ്ങള്‍ കൂടിയതുകൊണ്ടാണ് കുട്ടി കരഞ്ഞതെന്ന റിപ്പോര്‍ട്ടിലെ ഭാഗം തെറ്റാണെന്ന് കോടതി വ്യക്തമാക്കി.
പൊലീസുകാരിയെ നല്ലനടപ്പ് പരിശീലനത്തിന് അയച്ചതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, കേസ് മൂടിവെയ്ക്കാന്‍ പൊലീസ് ശ്രമിക്കുന്നതെന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. കുട്ടിയെ പരിശോധിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനോട് അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. കേസ് 15-നു വീണ്ടും പരിഗണിക്കും.
Also Read: കൊച്ചിയിൽ ഫൊട്ടോഷൂട്ടിന് എത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
സംഭവത്തില്‍ ബാലനീതി നിയമപ്രകാരം എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നു ചോദിച്ച കോടതി, കുട്ടിക്ക് നഷ്ടപരിഹാരം നല്കുന്നതിനെക്കറിച്ച് ആലോചിക്കാവുന്നതാണെന്നും പറഞ്ഞു. പൊലീസ് മേധാവിയുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ അലോസരമുണ്ടാക്കുന്നതാണെന്നു ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞിരുന്നു. പൊലീസുകാരി ഒരു സ്ത്രീയല്ലേയെന്നും ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അന്ന് കോടതി ചോദിച്ചു. ഫോണിന്റെ വില പോലും കുട്ടിയുടെ ജീവനു കല്‍പ്പിച്ചില്ല. കുട്ടിക്ക് പോലീസ് നോടുള്ള പേടി ജീവിത കാലം മാറുമോ? ഈ സംഭവം വിദേശത്തായിരുന്നെങ്കില്‍ കോടികള്‍ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നേനെ. പൊലീസുകാരി മാപ്പ് പറഞ്ഞിരുന്നെങ്കില്‍ പ്രശ്നം അപ്പോള്‍ തീര്‍ന്നേനെയെന്നും കോടതി നിരീക്ഷി്ക്കുകയുണ്ടായി.
പൊലീസുകാരിയുടെ കാക്കി ഈഗോയും അഹങ്കാരവും പ്രകടമായെന്നു പറഞ്ഞ കോടതി ആളുകളുടെ നിറവും വസ്ത്രവും നോക്കിയാണ് ചിലപ്പോള്‍ ആളുകളോട് പൊലീസ് പെരുമാറുന്നതെന്നും നിരീക്ഷിച്ചു. വീഡിയോ കണ്ടതുകൊണ്ട് ഇതെങ്കിലും പുറത്തുവന്നു. ഇതുപോലെ എത്ര മാത്രം സംഭവങ്ങള്‍ നടന്നുകാണുമെന്നും കോടതി ചോദിച്ചിരുന്നു.