തിരുവനന്തപുരം: ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചയ്ക്ക് വിളിച്ചു. വൈകിട്ട് 7 മണിക്കാണ് ശ്രീജിത്തിനെയും അമ്മയെയും ചർച്ചയ്ക്ക് വിളിച്ചത്. മുഖ്യമന്ത്രി ശ്രീജിത്തിനെ നേരിട്ടാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സുഹൃത്തുക്കളുമായി ആലോചിച്ചശേഷം തീരുമാനം എടുക്കുമെന്ന് ശ്രീജിത്ത് പ്രതികരിച്ചു. മുഖ്യമന്ത്രിയെ കാണുകയാണെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക, സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിക്കും. സമരം തുടരുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

സഹോദരൻ ശ്രീജിവന്റെ മരണത്തിൽ നീതി തേടി ശ്രീജിത്ത് നടത്തുന്ന സമരം ഇന്ന് 766-ാം ദിവസമാണ്. 2014 മേയ് 21 നാണ് ശ്രീജിത്തിന്രെ സഹോദരൻ ശ്രീജിവ് (25) പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. പൊലീസിന്റെ ക്രൂര മർദനത്തെത്തുടർന്നാണ് മരണമെന്ന് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി അന്വേഷണത്തിൽ കണ്ടെത്തി. എഎസ്ഐ ഫിലിപ്പോസിന്റെ ബന്ധുവായ പെൺകുട്ടിയുമായി ശ്രീജിവിന് അടുപ്പം ഉണ്ടായിരുന്നു. പെൺകുട്ടിയുടെ വിവാഹത്തലേന്നാണ് ശ്രീജിവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിൽ എടുത്തതിന്റെ മൂന്നാം ദിവസമാണ് ശ്രീജിവ് മരിക്കുന്നത്.

പാറശാല മുൻ സിഐ ഗോപകുമാർ, എസ്ഐ ഡി.ബിജുകുമാർ, എസ്എസ്ഐ ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫിസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ്, എന്നിവരാണു കുറ്റാരോപിതർ. ഇവർക്കെതിരെ കർശന നടപടി വേണമെന്ന് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടു. എന്നാൽ സർക്കാർ നടപടി ഉണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് സഹോദരന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം ആരംഭിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ