scorecardresearch
Latest News

“ക്രിമിനലുകളെ ജീവിതപ്പാതയിലേയ്ക്ക് കൊണ്ടുവരാൻ ജയിലുകളിൽ ശ്രമം ഉണ്ടാകണം”; മുഖ്യമന്ത്രി

സമൂഹത്തില്‍ അപൂര്‍വ്വം ചിലരൊഴികെ പലരും പ്രത്യേക സാഹചര്യത്തില്‍ കുറ്റവാളികളായവരാണ്. അത്തരം ആളുകളോട് സഹാനുഭൂതിയോടെ സമീപിക്കാനാകണമെന്നും മുഖ്യമന്ത്രി

Pinarayi Vijayan, പിണറായി വിജയൻ, കേരള മുഖ്യമന്ത്രി, മുഖ്യമന്ത്രി, Kerala Chief Minister, Chief mInister, CMO Kerala,

തിരുവനന്തപുരം: ജയിൽ തടവുകാർ മാത്രമാണ് ക്രിമിനലുകളെന്ന് കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ അപൂർവ്വം ചിലരൊഴികെ പലരും പ്രത്യേക സാഹചര്യത്തില്‍ കുറ്റവാളികളായവരാണ്. അത്തരം ആളുകളോട് സഹാനുഭൂതിയോടെ സമീപിക്കാനാകണം. ജയിലില്‍ അടയ്ക്കപ്പെടുന്നവര്‍ മാത്രമാണ് ക്രിമിനലുകള്‍ എന്ന് കരുതരുത്. പലതരം തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് അടിപ്പെട്ട ഉദ്യോഗസ്ഥരും വിവിധ ഘട്ടങ്ങളില്‍ ജയിലായിട്ടുള്ളത് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

മനഃശാസ്ത്രപരമായ മാർഗങ്ങളടക്കം സ്വീകരിച്ച് കൊടുംക്രിമിനലുകളെപ്പോലും ശരിയായ ജീവിതപാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജയിലുകളില്‍ ശ്രമമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിലിനകത്ത് കുറ്റവാളികളെ തിരുത്തിയെടുക്കാനാണ് ശ്രമിക്കേണ്ടതെന്നും ജയിലുദ്യോഗസ്ഥര്‍ക്ക് ലഭിക്കേണ്ട പരിശീലനം കൂടുതലും ഇത്തരമാളുകളുമായി ഇടപെടുന്ന കാര്യത്തിലാകണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ മികച്ച പ്രവര്‍ത്തനമുള്ള ജയിലുകള്‍ കേരളത്തിലാണുള്ളത്. അപരിഷ്‌കൃതവും ക്രൂരവുമായ ജയിലുകളിലെ സാഹചര്യം മാറ്റം വരുത്തിയത് കേരളത്തിലെ ആദ്യ സര്‍ക്കാരാണ്. അതിന്  തുടര്‍ച്ചയായി പല രീതിയിലും മെച്ചപ്പെട്ട് വന്നിട്ടുണ്ട്. എന്നാല്‍ അതല്ല നമ്മുടെ രാജ്യത്തെ പൊതുവായ സ്ഥിതി. എന്നാൽ വിദേശങ്ങളില്‍ കൂടുതല്‍ ആധുനികവും പരിഷ്‌കൃതവുമായ സമീപനം സ്വീകരിക്കുന്ന മാതൃകാ ജയിലുകളിലെ അവസ്ഥ മനസിലാക്കാനും പകര്‍ത്താനും സാധിക്കണം.

പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരായ നിങ്ങള്‍ക്ക് നേരിയ തോതില്‍ പോലും ക്രിമിനല്‍വശം കടന്നുവരരുത്. തെറ്റായ രീതികള്‍ക്ക് നിങ്ങള്‍ വഴിപ്പെടരുത്. വഴിവിട്ട് ഒന്നും ചെയ്യാന്‍ കൂട്ടുനില്‍ക്കാന്‍ പാടില്ല. നിയമപ്രകാരം അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയുമരുതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ട്രെയിനികള്‍ക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ സര്‍വീസ് (സിക്ക)യുടെ തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്ററുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 121 അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡാണ് നടന്നത്. ഇതില്‍ ഒരു വനിതയും ഉള്‍പ്പെടുന്നു. കണ്ണൂര്‍ പാനൂര്‍ സ്വദേശിനി കെ.പി.ദീപയാണ് ബാച്ചിലെ ഏക വനിത.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayn speaks about jail prisoners