തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനുവേണ്ടി കൂടുതൽ സംഭാവനകളൊന്നും നൽകാത്ത ബിജെപിക്കും ആർഎസ്‌എസിനും ഭരണഘടനാ മൂല്യങ്ങൾ കെെയൊഴിയാൻ മടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ മതരാഷ്‌ട്രമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും യുവാക്കൾ ഇതിനെതിരെ ശക്തമായി രംഗത്തുവരണമെന്നും പിണറായി പറഞ്ഞു. ഡിവെെഎഫ്‌ഐ സംഘടിപ്പിച്ച ‘മതരാഷ്‌ട്രം വിനാശത്തിന്, ഇന്ത്യയെ രക്ഷിക്കുക’ എന്ന പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്ററി സംവിധാനത്തിൽ നിന്നു പ്രസിഡൻഷ്യൻ സംവിധാനത്തിലേക്കും ഭരണഘടനാ നിയമങ്ങളിൽ നിന്നു ഏകീകൃത സിവിൽ കോഡിലേക്കുമുള്ള നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് പിണറായി ആരോപിച്ചു. ഇങ്ങനെ വന്നാൽ രാജ്യത്തിന്റെ വെെവിധ്യവും നിലനിൽപ്പും തകരും. വിശാലമായ സാംസ്‌കാരിക വെെവിധ്യം ഇന്ത്യയ്‌ക്കുണ്ടെന്നും പിണറായി പറഞ്ഞു.
“വ്യത്യസ്‌ത മതങ്ങളിൽ വിശ്വസിക്കുന്നവരും മതമില്ലാത്തവരും കൂട്ടായി പൊരുതി നേടിയതാണ് സ്വാതന്ത്ര്യം. എന്നാൽ, ഇതിൽ നിന്നെല്ലാം ഒരു വിഭാഗത്തെ തമസ്‌കരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. ഇന്ത്യയുടെ ബഹുസ്വരതയ്‌ക്കു നേരെയുള്ള വെല്ലുവിളിയാണിത്,” മുഖ്യമന്ത്രി പറഞ്ഞു.
മതനിരപേക്ഷ നിലപാടുള്ള യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനും അതിൽ നിന്നു പുറകോട്ടടിപ്പിക്കാനും കേരളത്തിൽ ശ്രമം നടക്കുന്നതായി പിണറായി ആരോപിച്ചു. സംസ്ഥാനത്ത് യുവാക്കൾക്ക് നിയമനം ലഭിക്കുന്നില്ല എന്ന തരത്തിൽ നടക്കുന്ന പ്രചരണം അതിന്റെ ഭാഗമാണെന്ന് പിണറായി പറഞ്ഞു. യുവാക്കൾക്ക് നിയമനം ലഭിക്കുന്നില്ല എന്നുപറഞ്ഞ് ഒരു പ്രമുഖ മാധ്യമം പംക്‌തി തന്നെ തുടങ്ങിയിരിക്കുന്നു. എന്നാൽ, മുൻ സർക്കാരിനേക്കാൾ കൂടുതൽ പേർക്ക് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാർ പിഎസ്‌സി വഴി നിയമനം നൽകിയിട്ടുണ്ട്. പരമാവധി തൊഴിൽ അവസരങ്ങൾ സർക്കാർ സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വെറും 300 സ്റ്റാർട് അപ്പുകളാണ് കേരളത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സർക്കാർ 2,200 സ്റ്റാർട് അപ്പുകളാക്കിയെന്നും പിണറായി പറഞ്ഞു.