തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം അമ്പപ്പിക്കുന്നതാണെന്ന് പ്രതിപരക്ഷ നേതാവ് വി ഡി സതീശന്‍. അനധികൃത സമ്പാദനത്തിലൂടെയാണ് റിസോർട്ട് നിർമ്മിച്ചതെന്നും കള്ളപ്പണം വെളുപ്പിച്ചെന്ന ഗുരുതര ആരോപണം ഉൾപ്പെടെയാണ് പുറത്തുവരുന്നതെന്നും സതീശന്‍ പറഞ്ഞു.
“ഉയര്‍ന്നിരിക്കുന്നതെല്ലാം ഗുരുതര ആരോപണങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതില്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്ന വാര്‍ത്തകള്‍ക്കപ്പുറം മാനങ്ങളുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള എല്ലാവർക്കും ഇക്കാര്യങ്ങള്‍ അറിയാം. സിപിഎമ്മിന്റെ കാര്യം വരുമ്പോള്‍ കേന്ദ്ര ഏജന്‍സികളും മൗനം പാലിക്കുന്നു,” സതീശന്‍ വ്യക്തമാക്കി.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രിയോട് ഇപിക്കെതിരായ ആരോപണങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ തണുപ്പൊക്കെ എങ്ങനെയുണ്ടെന്നായിരുന്നു മറുപടി. സംഭവം പോളിറ്റ് ബ്യൂറൊ പരിശോധിക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകരോട് നേരിട്ട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി സന്നദ്ധത അറിയിച്ചതായി സൂചനകള്‍ പുറത്തു വന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാമെന്ന് അറിയിച്ചത്. സാമ്പത്തിക ആരോപണത്തെ തുടർന്നാണ് ഈ നടപടിയെന്നും സൂചനയുണ്ട്. പാർട്ടി പദവികൾ ഒഴിയാനും സന്നദ്ധത അറിയിച്ചതായും വിവരമുണ്ട്.
പദവികളിൽ തുടരുന്നതിൽ തനിക്ക് ബുദ്ധിമുട്ടുകളുണ്ടെന്ന് ഇ പി നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളും മറ്റും ഉള്ളതുകൊണ്ട് തിരുവനന്തപുരത്തേക്കും മറ്റും നിരന്തരമുള്ള യാത്രകൾ ബുദ്ധിമുട്ടായതിനാലാണിത്. ഇതിനു പിന്നാലെയാണ് സാമ്പത്തിക ആരോപണങ്ങളും ഉയര്‍ന്ന് വന്നത്.