തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാന്‍ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥനയോടു പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകാശം പരത്തുന്നതു നല്ല കാര്യമാണെങ്കിലും പ്രാഥമികമായി സാധാരണക്കാര്‍ക്കു പരിഗണന നല്‍കുന്നതായിരുന്നു നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രധാനമന്ത്രി പറഞ്ഞ തരത്തില്‍ പ്രകാശം പരത്തുന്നതു നല്ല കാര്യമാണ്. എന്നാല്‍ സാധാരണ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, ടൂറിസവുമായി ബന്ധപ്പെട്ടവര്‍, റെസ്റ്റോറന്റ്, റിസോര്‍ട്ട് എന്നിവ നടത്തുവര്‍ എന്നിങ്ങനെ ചെറുതും വലുതുമായ ലക്ഷക്കണക്കിനു ജനങ്ങളുടെ മനസില്‍ ശരിയായ രീതിയില്‍ പ്രകാശമെത്തിക്കണം. അതിന് ആവശ്യം നല്ല രീതിയിലുള്ള സാമ്പത്തിക സഹായമാണ്. ഇവര്‍ക്കുള്ള പ്രകാശം പിന്നാലെ വരുമായിരിക്കു”മെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Read More: ഞായറാഴ്‌ച രാത്രി ഒൻപതിനു വീടുകളിലെ ലെെറ്റ് ഓഫ് ചെയ്യുക, എല്ലാവരും വിളക്ക് തെളിയിക്കുക: നരേന്ദ്ര മോദി

ഞായറാഴ്‌ച (ഏപ്രിൽ അഞ്ച്) രാത്രി ഒൻപതിനു എല്ലാവരും വീടുകളിലെ ലൈറ്റ് ഓഫ് ചെയ്‌ത് വിളക്കോ മെഴുകുതിരിയോ കത്തിക്കുകയോ ടോർച്ച്, മൊബൈൽ ഫോൺ ലൈറ്റ് എന്നിവ ഉപയോഗിക്കുകയോ ചെയ്യണമെന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഒൻപത് മിനിറ്റ് ഇങ്ങനെ വെളിച്ചം തെളിയിക്കണം. വീടിന്റെ വാതിൽക്കലോ മട്ടുപ്പാവിലോ നിന്ന് ഇങ്ങനെ വെളിച്ചം തെളിയിക്കണം. ഒൻപത് മിനിറ്റ് വെളിച്ചം തെളിയിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കൊറോണ വൈറസ് എന്ന അന്ധകാരത്തെ പ്രതിരോധിക്കുന്നതിന്റെ സൂചനയായാണ് ഇതെന്നും ഇന്ന് രാവിലെ ജനങ്ങളോട് വീഡിയോ സന്ദേശത്തിലൂടെ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ ഒൻപതിനാണ് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം ആരംഭിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്ത്യയിലെ ജനങ്ങൾക്കായി താനൊരു വീഡിയോ സന്ദേശം നൽകുമെന്ന് ഇന്നലെ ട്വിറ്ററിലൂടെയാണ് മോദി അറിയിച്ചത്. എല്ലാ മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി ഇന്നലെ ചർച്ച നടത്തിയിരുന്നു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചർച്ച.

കോവിഡിനെ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും നന്നായി പരിശ്രമിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞു. ഇന്ത്യയുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫറൻസിനു ശേഷം പ്രധാനമന്ത്രി പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ രണ്ട് തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.