തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെ കളിയാക്കി മുൻ ഡിജിപി ജേക്കബ് തോമസ്. ‘പോരട്ടെ പാക്കേജുകൾ’ എന്ന പേരിലുള്ള ഫെയ്സ് ബുക്ക് കുറിപ്പിലൂടെയാണ് ജേക്കബ് തോമസിന്റെ വിമർശനം. ഓഖിദുരന്തത്തിൽ 210 കുടുംബങ്ങളുടെ കാത്തിരിപ്പ് തുടരുമ്പോൾ ഹെലികോപ്റ്റർ കമ്പനി കാത്തിരിക്കുന്ന് എട്ടു ലക്ഷമെന്നാണ് ജേക്കബ് തോമസിന്റെ പരിഹാസം.

ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ നടത്തിയ യാത്രയാണ് വിവാദത്തിലായത്. യാത്രയ്ക്ക് പണം അനുവദിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന വാദം തെറ്റാണെന്ന് സാധൂകരിക്കുന്ന തെളിവുകൾ പുറത്ത് വന്നിരുന്നു. ഓഖി ഫണ്ടിൽ നിന്ന് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു.

തൃശൂരിൽ സിപിഎമ്മിന്റെ ജില്ലാ സമ്മേളന വേദിയിൽ നിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. ഇതിനായി ഹെലികോപ്റ്ററിന് എട്ട് ലക്ഷം വാടക നൽകി. 13 ലക്ഷമായിരുന്നു കമ്പനി ചോദിച്ചത്. എന്നാൽ വിലപേശി ഇത് എട്ട് ലക്ഷമാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ