തിരുവനന്തപുരം: ഇ.പി.ജയരാജനെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടന നടത്താൻ തീരുമാനമായി. ഇ.പി.ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കാൻ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചതായി പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു. സിപിഐ ചീഫ് വിപ്പിന്റെ സ്ഥാനം ആവശ്യപ്പെട്ടാൽ സിപിഎം എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബന്ധുനിയമന വിവാദത്തിൽ വിജിലൻസ് കുറ്റവിമുക്തനാക്കിയ ഇ.പി.ജയരാജന് വ്യവസായം, കായികം, യുവജനക്ഷേമ വകുപ്പുകളുടെ ചുമതല നൽകും. നിലവിൽ 19 അംഗങ്ങളാണ് പിണറായി വിജയൻ മന്ത്രിസഭയിലുള്ളത്. ഇത് 20 ആക്കണമെന്ന നിർദ്ദേശം ഇടതു മുന്നണിക്ക് സമർപ്പിക്കാൻ സിപിഎം തീരുമാനിച്ചു.
ഇപ്പോൾ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ.സി.മൊയ്തീന് തദ്ദേശസ്വയംഭരണ വകുപ്പ് നൽകും. നിലവിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെ.ടി.ജലീലിന് ന്യൂനപക്ഷ ക്ഷേമം വകുപ്പിന് പുറമേ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയുമുണ്ടാകും. പൊതുവിദ്യഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഉന്നത വിദ്യഭ്യാസം പ്രത്യേക മന്ത്രിക്ക് കീഴിലാക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ജയരാജന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ബന്ധുനിയമന വിവാദത്തെ തുടർന്ന് 2016 ഒക്ടോബർ 14നാണ് പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഇ.പി.ജയരാജൻ രാജിവെച്ചത്. പിന്നീട് വിജിലൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ജയരാജനെ കോടതി കുറ്റവിമുക്തനാക്കി. ഇതോടെയാണ് ജയരാജന്റെ പുനഃപ്രവേശനത്തിനുളള വഴി തെളിഞ്ഞത്.