ആലപ്പുഴ: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങി. മുഖ്യമന്ത്രിയുടെ ആലപ്പുഴ സന്ദര്‍ശന പരിപാടിയില്‍ കുട്ടനാട് സന്ദര്‍ശനം ഒഴിവാക്കിയിരുന്നു. ഇതിനിടെ ആലപ്പുഴയിലെത്തിയ മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെ കുറിച്ച് ആരാഞ്ഞെങ്കിലും മുഖ്യമന്ത്രി മറുപടി പറയാതെ അകത്തേക്ക് പോവുകയായിരുന്നു.

യോഗത്തിന് ശേഷം പുറത്തേക്ക് വന്ന മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങിയെങ്കിലും പെടുന്നനെ അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങുകയായിരുന്നു.

അതേസമയം, മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരനെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി തന്നെ നടക്കുന്നുണ്ടെന്നും പിന്നെന്തിനാണ് മുഖ്യമന്ത്രി അവിടെയെത്തണമെന്ന് വാശി പിടിക്കുന്നതെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രി എന്തുകൊണ്ട് കുട്ടനാട് സന്ദര്‍ശിക്കുന്നില്ലെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ പ്രതികരണം.

അതേസമയം, മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തത് രാഷ്ട്രപതി തലസ്ഥാനത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ വേണ്ടിയാണെന്നാണ് വിശദീകരണം. ഇതിനായി ഉച്ചയോടെ മുഖ്യമന്ത്രി ആലപ്പുഴയില്‍ നിന്നും മടങ്ങും. മൂന്ന് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഇന്ന് വൈകീട്ട് അഞ്ചിനാണ് എത്തുക.

കേന്ദ്രസംഘം ഉള്‍പ്പെടെ എത്തിയിട്ടും മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷവും ബി.ജെ,പിയും നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്ത സാഹചര്യത്തില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. കുട്ടനാട്ടില്‍ ഉള്‍ഗ്രാമങ്ങളുള്‍പ്പെടെ രണ്ട് തവണ പ്രതിപക്ഷ നേതാവും സംഘവും സന്ദര്‍ശനം നടത്തിയിരുന്നു.

ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തിലാണ് അവലോകനയോഗം നടക്കുക. 500 കോടിയിലധികം നഷ്ടം ഉണ്ടായ കുട്ടനാട്ടില്‍ ജനങ്ങള്‍ ഇതുവരെ ദുരിത കയത്തില്‍ നിന്നും കരകയറിയിട്ടില്ല. മുന്‍ മന്ത്രിയും സ്ഥലം എംഎല്‍എ കൂടിയായ തോമസ്ചാണ്ടിയും വേണ്ടത്ര ഇടപെടാത്തതില്‍ കുട്ടനാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.