/indian-express-malayalam/media/media_files/uploads/2023/08/Pinarayi-Jaick.jpg)
പിണറായി വിജയന്‍, ജെയ്ക്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രചാരണത്തിനെത്തും. ഓഗസ്റ്റ് 24-ന് മുഖ്യമന്ത്രി മണ്ഡലത്തിലെത്തും. അയര്‍ക്കുന്നം, പുതുപ്പള്ളി എന്നിവിടങ്ങളില്‍ നടക്കുന്ന എല്‍ഡിഎഫ് യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
ആദ്യ ഘട്ട പ്രചാരണങ്ങളില്‍ മന്ത്രിമാരെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. അവസാന ഘട്ടത്തിലായിരിക്കും മന്ത്രിമാര്‍ ജെയ്ക്കിനായി വോട്ടു തേടാന്‍ ഇറങ്ങുക. സെപ്തംബര്‍ ആദ്യ വാരം നടക്കുന്ന രണ്ടാം ഘട്ട പ്രചാരണത്തിലും മുഖ്യമന്ത്രി ജെയ്ക്കിനായി എത്തും.
പ്രചാരണത്തില്‍ വ്യക്തിപരമായ ആക്രമണം നടത്തേണ്ടതില്ല എന്നാണ് സിപിഎം നിലപാട്. പുതുപ്പള്ളിയില്‍ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചായിരിക്കണം പ്രചാരണം. വികസനത്തെ തടയുന്ന പ്രതിപക്ഷ സമീപനം വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാക്കാനുമാണ് എല്‍ഡിഎഫിന്റെ നീക്കം.
ഇത് മൂന്നാം തവണയാണ് ജെയ്ക്ക് പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. 17-ാം തീയതിയായിരിക്കും ജെയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിന് താഴെ എത്തിക്കാന്‍ ജെയ്ക്കിനായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ്. ഉമ്മന്‍ ചാണ്ടിയുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.