തിരുവനന്തപുരം: പയ്യന്നൂരിൽ ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പരിശോധന നടത്തി കേസെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്കിലും ട്വിറ്ററിലും തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തിയിട്ടുണ്ടെങ്കില്‍ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നയിമസഭയില്‍ പറഞ്ഞു.

പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആഘോഷിക്കുന്ന സിപിഐഎം പ്രവര്‍ത്തകര്‍ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി സംസ്ഥാന കഴിഞ്ഞ ദിവസ വീഡിയോ പ്രചരിപ്പിച്ചത്. രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന വീഡിയോയില്‍ ചെറുപ്പക്കാര്‍ ബാന്‍ഡ് മേളവുമായി നടന്ന് നീങ്ങുന്നതും നൃത്തം വയ്ക്കുന്നതും വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ട്.

എന്നാല്‍ മുദ്രാവാക്യം വിളിയോ പാര്‍ട്ടിയുടെ കൊടിയോ ചിഹ്നങ്ങളോ ഒന്നും ദൃശ്യമല്ല. ഈ വീഡിയോ സിപിഎം ആഘോഷമെന്ന് പറഞ്ഞ് ആര്‍എസ്എസും ആഘോഷമാക്കി. വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ