മട്ടന്നൂര്‍: അഴിമതി നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാര്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകുമെന്നും അഴിമതിക്കാര്‍ക്ക് സര്‍ക്കാര്‍ പണിത ഭദ്രമായ കെട്ടിടത്തില്‍ കിടന്നുറങ്ങേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നാണ് പറയുന്നത്. എന്നാല്‍ അതിന്റെ അര്‍ത്ഥം അഴിമതി ഇല്ലാതായി എന്നല്ല. ചിലയിടങ്ങളില്‍ അത്തരത്തിലുള്ള ദുശ്ശീലമുണ്ട്. ഉയര്‍ന്ന തലങ്ങളിലും ഭരണതലത്തിലും ഭരണനേതൃത്വത്തിലും അഴിമതിയുടെ ലാഞ്ചനയേയില്ല. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാകും. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ പോയി കിടക്കേണ്ടി വരും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയാണ്’ മുഖ്യമന്ത്രി പറഞ്ഞു.

ന്യായമായ ശമ്പളം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും അതില്‍ തൃപ്തരാണ്. ചിലര്‍ മാത്രമാണ് കെട്ടമാര്‍ഗ്ഗം സ്വീകരിക്കുന്നത്. അവര്‍ പിടികൂടപ്പെട്ടാല്‍ അതുവരെയുള്ളതെല്ലാം ഇല്ലാതാകും. സമൂഹത്തിന്റെ മുന്നിലും കുടുംബക്കാരില്‍ നിന്നും ഒറ്റപ്പെടും, അവഹേളത്തിനിരയാകും. അങ്ങനെയൊരു ജീവിതം വേണോയെന്ന് അവര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാന്മാരെന്നും അല്ലാതെ ഉദ്യോഗസ്ഥരല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ മാര്‍ഗ്ഗം സ്വീകരിക്കുന്നവരെ ഓഫീസിലുള്ളവര്‍ തിരുത്തണമെന്നും ഓഫീസുകളിലെ കടലാസുകളില്‍ ഒരുപാട് ജീവല്‍ പ്രശ്‌നങ്ങളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി ഗവ.സ്‌പെഷ്യാലിറ്റി ആശുപത്രിയുടേയും റവന്യു ടവറിന്റേയും ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.