തിരുവനന്തപുരം: നിയമസഭയുടെ അകത്തും പുറത്തും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള വാക്പോര് ഇന്നും തുടരുന്നു. അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിച്ച് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നത് പ്രതിപക്ഷത്തിന്റെ പ്രത്യേക അവകാശമാണ്, എന്നാല്‍ മുഖ്യമന്ത്രിക്ക് ഇത് കുറച്ച് ദിവസമായി അലോസരമുണ്ടാക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി.
“മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയങ്ങള്‍ അസ്വകര്യമുണ്ടാക്കുന്നു. സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി എടുത്ത നിലപാട് അവര്‍ക്ക് ഇഷ്ടമുള്ളതിന് അനുമതി നല്‍കുമെന്നാണ്. ഔദാര്യം കൈപ്പറ്റാനല്ല പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെ ഭയമാണ്, അടിയന്തര പ്രമേയ ചര്‍ച്ചകളെ പേടിയാണ്,” സതീശന്‍ കൂട്ടിച്ചേര്‍ത്തു.
“അടിയന്തര പ്രമേയ ചര്‍ച്ചകളില്‍ മുഖ്യമന്ത്രിയും ഭരണപക്ഷവും പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് അനുമതി നല്‍കില്ല എന്ന നിലപാട് എടുക്കുന്നത്. കെഎസ്ആര്‍ടിസി, എറണാകുളത്ത് ലാത്തി ചാര്‍ജ്, പെണ്‍കുട്ടിയെ ആക്രമിച്ച സംഭവം ഒരു കാരണവുമില്ലാതെയാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്,” സതീശന്‍ ആരോപിച്ചു.
“സര്‍ക്കാരിന്റെ നിലപാടിനൊപ്പം സ്പീക്കര്‍ നില്‍ക്കുകയാണ്, ഇതിനോടാണ് ഞങ്ങളുടെ പരാതി. മുഖ്യമന്ത്രിയുടെ നിലപാടാണ് അടിയന്തര പ്രമേയത്തിന് ഒരു കാരണവശാലും അനുമതി നല്‍കില്ല എന്നുള്ളത്. മുഖ്യമന്ത്രിക്ക് പ്രശ്നമില്ലാത്ത അടിയന്തര പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ വാലാട്ടി നില്‍ക്കുന്ന പ്രതിപക്ഷമല്ല ഇത്,” സതീശന്‍ പറഞ്ഞു.
“മുഖ്യമന്ത്രി മോദിയാകാന്‍ പഠിക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്, അതിനൊക്കെ മുകളിലെത്തി, ഇപ്പോള്‍ സ്റ്റാലിനാകാനുള്ള ശ്രമമാണ്. കേട്ടുകേള്‍വിയില്ലാത്ത നടപടികള്‍. സഭ ടിവിയില്‍ പ്രതിപക്ഷ പ്രതിഷേധം കാണിക്കില്ല, അടിയന്തര പ്രമേയത്തിന് അനുമതി തരില്ല, ഭരണപക്ഷം പറയുന്നത് കേട്ട് പ്രതിപക്ഷം ഇരിക്കണം എന്ന നിലയിലേക്ക് നിയമസഭയുടെ നിലവാരം മുഖ്യമന്ത്രി എത്തിച്ചു,” സതീശന്‍ വിമര്‍ശിച്ചു.