scorecardresearch
Latest News

രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്ക് കേരളം നല്‍കും: മുഖ്യമന്ത്രി

പാരിസ്ഥിതിക സുസ്ഥിരതയ്ക്കു കോട്ടം തട്ടാത്ത വ്യവസായങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുകയെന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പറഞ്ഞു

Pinarayi vijayan, industrialists, telangana, hyderabad, kerala news, ie malayalam

ഹൈദരാബാദ്: രാജ്യത്ത് ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങള്‍ നിക്ഷേപകര്‍ക്കു കേരളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റെവിടെയും കാണാന്‍ കഴിയാത്ത വിധം കരുത്തുറ്റ നിക്ഷേപ സൗഹാര്‍ദ ഘടകങ്ങള്‍ കേരളത്തിനുണ്ട്. സംസ്ഥാനമിപ്പോള്‍ തേടുന്നത് മികച്ച പങ്കാളിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്ക് നിക്ഷേപം ക്ഷണിച്ച് തെലങ്കാനയിലെ വ്യവസായപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൃദ്ധമായ ജലം, ശുദ്ധവും ശുചിത്വവുമുള്ള അന്തരീക്ഷം ഉള്‍പ്പെടെ അനുപമമായ പ്രകൃതിവിഭവങ്ങളാല്‍ അനുഗൃഹീതമാണ് ഇവിടം. വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിലവാരമുള്ള, രാജ്യത്തെ തന്നെ ഏറ്റവും സാക്ഷരരും വിദ്യാസമ്പന്നരുമായ തൊഴിലാളികളെ നല്‍കാന്‍ കേരളത്തിനു സാധിക്കും.

സാമ്പത്തിക വികസനത്തില്‍ ആവേശകരവും ചലനാത്മകവുമായ ഘട്ടത്തിലൂടെയാണ് കേരളമിപ്പോള്‍ കടന്നുപോകുന്നത്. പാരിസ്ഥിതിക സുസ്ഥിരതയ്ക്കു കോട്ടം തട്ടാത്ത വ്യവസായങ്ങള്‍ക്കായി കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാവുകയെന്നതാണ് കേരളത്തിന്റെ ലക്ഷ്യം. നിശ്ചയദാര്‍ഢ്യത്തോടെയും കരുതലോടെയും സര്‍ക്കാര്‍ ഈ ലക്ഷ്യം കൈവരിക്കും.

Pinarayi vijayan, industrialists, telangana, hyderabad, kerala news, ie malayalam
‘ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോ’ എന്ന പേരില്‍ ഹൈദരാബാദിലെ ഹോട്ടല്‍ പാര്‍ക്ക് ഹയാത്തില്‍ നടത്തിയ നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സദ്ഭരണ സൂചികയില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ബിസിനസ് ചെയ്യാനുള്ള എളുപ്പവും വ്യാവസായിക വളര്‍ച്ചയും ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇത് വലിയ മെച്ചപ്പെടുത്തലുകള്‍ വരുത്തി. ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. സാമൂഹിക വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്‍പന്തിയിലാണ് കേരളം. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം എന്നിവയുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ കേരളം ഏറ്റവും മികച്ച മാതൃകയാണ്. 2019-2020 ലെ ഏറ്റവും പുതിയ നിതി ആയോഗ് ആരോഗ്യസൂചിക അനുസരിച്ച്, തുടര്‍ച്ചയായി നിരവധി വര്‍ഷങ്ങളായി, മൊത്തത്തിലുള്ള പ്രകടനത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന വലിയ സംസ്ഥാനമെന്ന സ്ഥാനം കേരളം നിലനിര്‍ത്തിയിട്ടുണ്ട്. ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളിലും പൊതുവെ ഭരണത്തിലും സംസ്ഥാനം സ്വീകരിച്ച നയങ്ങളുടെ പ്രതിഫലനങ്ങളാണിവയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായമേഖലയില്‍ കേരളം സമീപകാലത്ത് കൈവരിച്ച നേട്ടങ്ങള്‍ മുഖ്യമന്ത്രി എടുത്തു പറഞ്ഞു. നോളജ് എക്കണോമി മേഖലയില്‍ വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ കേരളം ലക്ഷ്യമിടുകയാണ്. ഈ സരംഭങ്ങളുടെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കേരള നോളജ് ഇക്കണോമി മിഷന്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

‘ഇന്‍വെസ്റ്റ്‌മെന്റ് റോഡ് ഷോ’ എന്ന പേരില്‍ ഹൈദരാബാദിലെ ഹോട്ടല്‍ പാര്‍ക്ക് ഹയാത്തില്‍ നടത്തിയ നിക്ഷേപക സംഗമത്തില്‍ കേരളത്തിലെ നിക്ഷേപസാധ്യതകള്‍അവതരിപ്പിച്ചു. ബയോ-ടെക്നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫാര്‍മ തുടങ്ങിയ മേഖലകളിലും വളര്‍ന്നുവരുന്ന ഇതര മേഖലകളിലും സംസ്ഥാനത്തിന്റെ നിക്ഷേപ സാധ്യതകളാണ് അവതരിപ്പിച്ചത്.

സംസ്ഥാനം ഏറ്റെടുത്തിട്ടുള്ള നിയമനിര്‍മാണ പരിഷ്‌കാരങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം, നടപടിക്രമങ്ങളുടെ ലഘൂകരണം, വ്യാവസായിക അടിസ്ഥാന സൗകര്യ സൗകര്യങ്ങള്‍ എന്നിവയും വിശദീകരിച്ചു.

കേരളത്തെക്കുറിച്ച് പലരും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണെന്നും മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളെ അയോധ്യ രാമി റെഡ്ഡി എം പി പ്രശംസിച്ചു. മുഖ്യമന്ത്രിയുടെ കീഴില്‍ കേരളം വലിയ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിഐഐ, ക്രെഡായ് അംഗങ്ങള്‍, ഐടി വ്യവസായം, ഫാര്‍മ വ്യവസായം തുടങ്ങി അമ്പതോളം പ്രമുഖ കമ്പനികളുടെ സാരഥികളും ഇതര നിക്ഷേപകരും പങ്കെടുത്തു. ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, കെ എസ് ഐ ഡി സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ തുടങ്ങിയവര്‍ സംസാരിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan to meet industrialists at telangana today

Best of Express