കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റു മരിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിനുള്ള സ്നേഹവീട് ജനുവരി 14-ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും. കൊട്ടക്കമ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വീടിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുമെന്ന് സിപിഎം നേതൃത്വം അറിയിച്ചു.
വട്ടവട-കൊട്ടക്കമ്പൂര്‍ റോഡില്‍ സിപിഎം നേതൃത്വം വാങ്ങിയ പത്തരസെന്റ് സ്ഥലത്താണ് 1256 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീട് നിര്‍മിച്ചിട്ടുള്ളത്. വീടിന്റെ താക്കോദാനത്തോടനുബന്ധിച്ച് വീടിനു സമീപം തയാറാക്കുന്ന പന്തലില്‍ വച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. വൈദ്യുതി മന്ത്രി എംഎം മണി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന് ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജ് വ്യക്തമാക്കി. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ഇതു പൂര്‍ത്തീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കുത്തേറ്റു മരിച്ചത്. അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് കുടുംബത്തെ സിപിഎം ദത്തെടുത്തിരുന്നു. തുടര്‍ന്നാണ് പുതിയ വീടു നിര്‍മിക്കാനായി സ്ഥലം വാങ്ങിയത്. കഴിഞ്ഞ സെപ്റ്റബര്‍ അഞ്ചിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ തറക്കല്ലിട്ടത്. കഴിഞ്ഞമാസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം നടത്തിയിരുന്നു.