തിരുവനന്തപുരം: പാലായിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങള്‍ക്കു നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലായില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു വിജയം സമ്മാനിച്ച ജനങ്ങള്‍ക്കു നന്ദി പറയുന്നതായി മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്നതാണു ജനവിധി. തുടര്‍ന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നുപ്രവര്‍ത്തിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് വിജയത്തിൽ പാലായിലെ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പനും ജനങ്ങൾക്കു നന്ദി പറഞ്ഞു. ബിജെപി വോട്ടുകൾ യുഡിഎഫിലേക്കു പോയിട്ടുണ്ടെന്നും ഇല്ലെങ്കിൽ 10,000 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടാകുമായിരുന്നെന്നും മാണി സി.കാപ്പൻ പറഞ്ഞു.
കേരളാ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ 2943 വോട്ടിനാണു വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ നടന്നത്. കെ.എം.മാണിയുടെ മരണത്തെത്തടർന്നാണു പാലായിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
വോട്ട്നില ഇങ്ങനെ
1. മാണി സി.കാപ്പൻ – 54137 വോട്ട്
2. ജോസ് ടോം – 51194 വോട്ട്
3. ഹരി.എൻ – 18044 വോട്ട്
ഒരുമാസം നീണ്ടു നിന്ന പ്രചാരണ പരിപാടികൾക്കൊടുവിൽ സെപ്റ്റംബർ 23നായിരുന്നു പാലായിൽ തിരഞ്ഞെടുപ്പ് നടന്നത്. 71.41 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.