തിരുവനന്തപുരം: ഏത് ചേരിയിലാണ് നില്‍േക്കണ്ടതെന്ന് ഓരോ എഴുത്തുകാരനും സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ട ഒരു ഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വെളിച്ചവും തല്ലിക്കെടുത്തുന്ന കാലത്ത്, എഴുത്തുകാരേ നിങ്ങളേത് ചേരിയിലാണ് എന്ന മാക്‌സിം ഗോര്‍ക്കിയുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തിരുവനന്തപുരത്ത് യുവധാര സാഹിത്യപുരസ്‌ക്കാര സമര്‍പ്പണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

”എല്ലാ വെളിച്ചവും തല്ലിക്കെടുത്തി ഇരുട്ട് വ്യാപിപ്പിക്കാനാവുമോയെന്ന് വലിയ തോതില്‍ ശ്രമം നടക്കുന്നത് എന്ന് കാണാം. അതിനെ നവോത്ഥാനത്തിന്റെ ഊര്‍ജ്ജം കൊണ്ട് നേരിടാനുള്ള ശ്രമമാണ് നാട്ടിലാകെ നടക്കുന്നത്. കാലത്തെ പിന്നിട്ടിലോട്ട് വലിച്ച് ഇരുട്ടിലേക്ക് താഴ്ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് കാലത്തെ മുന്നോട്ട് വലിച്ച് വെളിച്ചത്തിലേക്ക് നീങ്ങാന്‍ ശ്രമിക്കണം യുവജന സംഘടനകള്‍. മാക്‌സിം ഗോര്‍ക്കി സാഹിത്യകാരന്‍മാരോട് വളരെ പ്രശസ്തമായ ചോദ്യം ചോദിച്ചു. എഴുത്തുകാരാ നിങ്ങള്‍ ഏത് ചേരിയില്‍ എന്നതായിരുന്നു ആ ചോദ്യം. ആ ചോദ്യം ചോദിച്ച കാലവും പ്രസക്തമാണ്. ഫാസിസത്തിന്റെയും നാസിസത്തിന്റെയും ഭീഷണി ലോകത്തെയാകെ ഗ്രസിച്ച കാലത്താണ് ഈ ചോദ്യം ചോദിച്ചത്. ആ ചോദ്യം കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ അങ്ങേയറ്റം പ്രസക്തിയുള്ള ഒന്നാണ് എന്ന് നാം കാണണം. ഏത് ചേരിയിലാണ് നില്‍േക്കണ്ടതെന്ന് ഓരോ എഴുത്തുകാരനും സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ട ഒരു ഘട്ടമാണ്. കാലത്തെയും സമൂഹത്തെയും മുന്നോട്ട് നയിക്കുന്ന മൂല്യങ്ങള്‍ക്ക് ഒപ്പമാണോ നില്‍ക്കുന്നത്. അങ്ങിനെ വന്നാല്‍ കാലവും സമൂഹവും നിങ്ങളെ നേഞ്ചാട് ചേര്‍ത്ത് വെക്കും. എഴുത്തുകാര്‍ കാലത്തെ അതീജീവിക്കുന്നത് അങ്ങിനെയാണ്. ഇതല്ലാതെ കാലത്തെയും സമൂഹത്തെയും അന്ധകാരത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന ചിന്തകള്‍ക്കൊപ്പം വേണമെങ്കില്‍ നില്‍ക്കാം. അങ്ങനെ ഉള്ളവരെ ഇരുട്ടിലേക്കും വിസ്മൃതിയിലേക്കും തള്ളി കാലവും സമൂഹവും മുന്നോട്ട് പോവുക തന്നെ ചെയ്യും” മുഖ്യമന്ത്രി പറഞ്ഞു.

ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും കാലത്താണ് ഗോര്‍ക്കി അത് ചോദിച്ചത്. ഹിറ്റ്‌ലറും മുസോളിനിയും അക്കാലത്ത് ആര്യരെന്നും അനാര്യരെന്നും രണ്ടായി സമൂഹത്തെ വിഭജിക്കലായിരുന്നു. അങ്ങനെ വിഭജിച്ച് ആര്യര്‍ മാത്രമാണ് മനുഷ്യര്‍, അവര്‍ക്കുള്ളത് മാത്രമാണ് ഈ ലോകമെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. ആര്യന്‍മാര്‍ എല്ലാം ഏറ്റവും ഉല്‍കൃഷ്ഠവും ശ്രേഷ്ഠവുമായ വംശം എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു. ഇതര വംശങ്ങളാകെ അവരുടെ ആധിപത്യന്‍ കീഴില്‍ കഴിഞ്ഞ് കൊള്ളണം. അനാര്യര്‍ നീചരും അധമരും മാത്രമാണ് മനുഷ്യരായി പരിഗണിക്കപെടേണ്ടവരല്ല എന്നതായിരുന്നു ഹിറ്റ്‌ലറുടെ ചിന്തയും നാസിസത്തിന്റെ പ്രത്യയശാസ്ത്രവും. ഹിറ്റ്‌ലര്‍ അന്ന് ചെയ്തതില്‍ നിന്ന് ഇന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ചിലര്‍ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മതനിരപേക്ഷത ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന ഒരു നാടാണ് കേരളം. ഇവിടെ നേരത്തെ പറഞ്ഞ ചേരിതിരിവ് ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ശുദ്ധന്‍/അശുദ്ധന്‍, ആചാരബന്ധര്‍/ ആചാരധ്വംസകര്‍, മേല്‍ജാതി/ കീഴ്ജാതി, ഉത്തമന്‍/ അധമന്‍, സവര്‍ണ്ണന്‍/ അവര്‍ണ്ണന്‍, ഉല്‍കൃഷ്ഠന്‍/ നികൃഷ്ഠന്‍, ശ്രേഷ്ഠന്‍/ മ്ലേഛന്‍, പുരുഷന്‍/ സ്ത്രീ, വിശ്വാസി/ അവിശ്വാസി, ഹിന്ദു/ അഹിന്ദു ഇങ്ങനെ പല തട്ടുകളിലായി വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മനുഷ്യരെ ഒന്നായി കാണാനുള്ള മനസില്ലാതെ അവരെ ശ്രേഷ്ഠരും മ്ലേഛരുമായി കാണുന്നത് ഏത വിശ്വാസത്തിന്റെയും ആചാരത്തിന്‍ൈറ പേരിലായാലും അത് മനുഷ്യത്വരഹിതമാണ്. അത് നീക്കുക തന്നെ വേണം. അതിനുള്ള പുരോഗമന നടപടികള്‍ ഉണ്ടാവുമ്പാേള്‍ അതിനെ തടയാനുള്ള ആയുധമായാണ് അവര്‍ ആചാരങ്ങളെയും വിശ്വാസങ്ങളെയും പ്രയോഗിക്കുന്നത്. ആചാരവും വിശ്വാസവും ഈ വിധത്തില്‍ ദുരുപയോഗിക്കുന്നവര്‍ക്ക് എതിരെ ജനമനസിനെ ഉണര്‍ത്തി എടുക്കണം.

സഹിത്യകാരന്‍മാര്‍ക്കും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു നിലപാട് എടുത്ത് പോയാല്‍ സര്‍ഗാത്മക സാഹിത്യകാരന്‍മാര്‍ക്ക് ഹൃദയചുരുക്കം വരുമെന്ന് ഭയക്കേണ്ടതില്ല. എം. ലീലാവതി മുതല്‍ എം.ടി. വാസുദേവന്‍ നായര്‍ വരെ ധീരമായ നിലപാട് എടുത്തു. ഒരു നൂറ്റാണ്ട് പിന്നില്‍ കേരളത്തെ പിന്നിലേക്ക് കൊണ്ടുപോയി തള്ളാനുള്ള നീക്കങ്ങളാണ് ആചാരത്തിന്റെ, വിശ്വാസത്തിന്റെ മറപിടിച്ച് ചിലര്‍ ഇവിടെ നടത്തുന്നത് എന്ന് ലീലാവതിയും എം.ടിയും അസന്നിഗ്ധ ഭാഷയില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കൊപ്പം അതേരീതിയില്‍ തന്നെ ഉറച്ച നിലപാട് ടി. പത്മനാഭനെയും എം. മുകുന്ദനെയും പോലുള്ള പല സാഹിത്യകാരന്‍മാരും എടുത്തു. അവര്‍ക്കൊന്നും ഇല്ലാത്ത ഭയം പുതിയ തലമുറയിലെ സാഹിത്യകാരന്‍മാര്‍ക്കും സാഹിത്യകാരികള്‍ക്കും ഉണ്ടാവേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More: വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരാങ്ങള്‍ അംഗീകരിച്ച് കൊടുക്കില്ലെന്ന് മുഖ്യമന്ത്രി

ഇവിടെ കാലവും സമൂഹവും എഴുത്തുകാര്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നത് നിങ്ങള്‍ ഏത് ചേരിയിലെന്ന ആ പഴയ ചോദ്യമാണ്. അതിനുള്ള ഉത്തരം കിട്ടാനുള്ള അര്‍ഹത അവര്‍ക്കുണ്ടുതാനും. ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും പേരില്‍ ഏത് പിന്നാക്ക നടപടിയെയും എതിര്‍ക്കുന്ന ചേരിയിലാണോ നിങ്ങള്‍ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. ആചാരത്തിന്റെയും വിശ്വസത്തിന്റെയും പേരിലുള്ള ദുരാചാരങ്ങളെ അവസാനിപ്പിക്കാനുള്ള നീക്കത്തെ പ്രോല്‍സാഹിപ്പിക്കുകയാണ് ഓരോ ഘട്ടത്തിലും സാഹിത്യം ചെയ്തിരുന്നത്.

കുമാരനാശാന്റെ ദുരവസ്ഥയുടെ പ്രാധാന്യം സാവിത്രി അന്തര്‍ജനത്തെ ചാത്തന്‍ കല്ല്യാണം കഴിച്ചത് മാത്രമല്ല, സാവിത്രിയുടെ ജീവിതത്തില്‍ സാമൂഹ്യവീക്ഷണത്തോടെയുള്ള വലിയ മാറ്റം ഉണ്ടായി എന്നതാണ് അതിന്റെ പ്രധാന്യം. വ്യക്തിപരമായ മാറ്റം മാത്രമല്ല, സമൂഹത്തില്‍ ഉണ്ടാകണമെന്ന് ആശാന്‍ കരുതിയത് കാലക്രമേണ യാഥാര്‍ത്ഥ്യമായി മാറി. സാമൂഹ്യ വ്യവസ്ഥയെ കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളെ ഭേദഗതി ചെയ്യുകയല്ല, കീഴ്‌മേല്‍ മറിക്കുകയാണ് ആശാന്‍ ചെയ്തത്. ആചാരങ്ങള്‍ തടസമാവാത്ത ആശാന്റെ ധീരമായ പ്രവൃത്തിക്ക് എഴുത്തുകാരുടെ സമൂഹത്തില്‍ പിന്‍തലമുറക്കാര്‍ ഉണ്ടാവണം. അപ്പോഴേ അവര്‍ കാലത്തിനൊത്ത് സഞ്ചരിക്കുകയുള്ളൂ. ഇന്നലെ ചെയ്‌തോരബദ്ധം ഇന്നത്തെ ആചാരവും നാളത്തെ ശാസ്ത്രവും ആവരുതെന്നാണ് ആശാന്‍ ഓര്‍മ്മിപ്പിച്ചത്. ആശാന്റെ ഓര്‍മ്മുപുതുക്കലിന്റെ വഴിയില്‍ തന്നെയാണ് ശബരിമല അടക്കമുള്ള കാര്യങ്ങളില്‍ ഇന്നത്തെ സര്‍ക്കാര്‍ നീങ്ങുന്നതെന്ന് കൂടി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.