തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ജനതാൽപര്യം അറിയുന്നതിനും പരാതി പരിഹാരത്തിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്” എന്ന ടെലിവിഷൻ പരിപാടിയുടെ സംപ്രേഷണം ഡിസംബര്‍ 31 ന് തുടങ്ങും.

എംഎൽഎയും മുൻ മാധ്യമ പ്രവർത്തകയായ വീണ ജോർജാണ് പരിപാടിയുടെ അവതാരക. സംവാദ സ്വഭാവമുള്ള പരിപാടിയുടെ ദൈർഘ്യം അരമണിക്കൂറാണ്. ദുരദർശൻ ഉൾപ്പടെ എട്ട് ചാനലുകളിലാണ് ഈ പരിപാടി സംപ്രേഷണം ചെയ്യുക. ആദ്യഘട്ടത്തിലെന്ന് വ്യക്തമാക്കിയിട്ടുള്ള ഈ പരിപാടിയിൽ മനോരമ ന്യൂസ് ഒഴികെയുള്ള പ്രധാന ന്യൂസ് ചാനലുകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.

pinaryi vijayan's tv program starts from December 31

വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ പ്രതിവാര സംവാദ പരിപാടിയുടെ നിര്‍മാണം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ്. സി ഡിറ്റ് സാങ്കേതിക സഹായം നല്‍കുന്നു. ആറന്മുള എംഎല്‍എ വീണ ജോര്‍ജ് അവതാരകയാകും. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും.

ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ ഏഷ്യാനെറ്റ് ‘മുഖ്യമന്ത്രിയോട് സംസാരിക്കാം’ എന്ന ഫോൺ ഇൻ പരിപാടി നടത്തിയിരുന്നു. ഏറെ ജനപ്രീതിയാകർഷിച്ച പരിപാടിയായിരുന്നു അക്കാലത്തെ ഈ ഫോൺ ഇൻ പരിപാടി. മാധ്യമങ്ങളുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു നായനാർ. എന്നാൽ മാധ്യമങ്ങളുമായുളള ബന്ധത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നേതാവാണ് പിണറായി വിജയൻ. അദ്ദേഹം ഇത്തരം ഒരു പരിപാടിയുമായി രംഗത്ത് വരുന്നു എന്നതാണ് ശ്രദ്ധേയം.

മുഖ്യമന്ത്രിയായ ശേഷം അതുവരെയുണ്ടായിരുന്ന മന്ത്രിസഭായോഗം കഴിഞ്ഞുളള പത്രസമ്മേളനം പിണറായി വിജയൻ നിർത്തലാക്കി. ഇത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതിന് ശേഷം സിപിഎം, ആർഎസ്എസ്, ബിജെപി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരോട് “കടക്ക് പുറത്ത്” എന്ന മുഖ്യമന്ത്രിയുടെ പ്രയോഗം വിവാദമായി. ഇതിന് ശേഷം മുഖമന്ത്രിയോട് ചോദ്യം ചോദിക്കാനെത്തിയ മാധ്യമ പ്രവർത്തകരോട് “മാറി നിൽക്ക്” എന്ന് പറഞ്ഞത് വിവാദത്തിന് വഴിയൊരുക്കി. ചാനൽ മൈക്ക് മുഖത്ത് കൊണ്ടതിനെ തുടർന്ന് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞതെന്ന വിശദീകരണം പുറത്തുവന്നു. ഏറ്റവും അവസാനം മാധ്യമ പ്രവർത്തകരെ സെക്രട്ടേറിയറ്റിൽ കയറ്റാതിരുന്നത് വിവാദമായിരുന്നു. മന്ത്രിയായിരുന്ന ശശീന്ദ്രൻ ഫോൺ കെണി വിവാദത്തിൽപെട്ട സംഭവത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷന്രെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെയാണ് സെക്രട്ടേറിയറ്റിൽ കയറ്റി വിടാതെ തടഞ്ഞത്. എന്നാൽ ഇത് താൻ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പിന്നീട് വ്യക്തമാക്കി.

നായനാരുടെ ഫോൺ ഇൻ പരിപാടി ഏഷ്യാനെറ്റ് ആണ് ചെയ്തിരുന്നതെങ്കിൽ ഇത് സർക്കാരിന്രെ ഭാഗമായ പിആർഡിയും സി ഡിറ്റും ചേർന്നാണ് തയ്യാറാക്കുന്നത്. ഷോയുടെ ഏതാനും എപ്പിസോഡുകൾ ഇതിനകം തന്നെ ഷൂട്ട് ചെയ്തിട്ടുണ്ട്. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ തയാറാക്കിയിരിക്കുന്ന പ്രത്യേക സ്റ്റുഡിയോയിൽവച്ചാണ് പരിപാടി ഷൂട്ട് ചെയ്തിരിക്കുന്നത്.

കേരളത്തിലെ സാമൂഹിക, സാംസ്കാരിക, വികസന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട നാലംഗ വിദഗ്ധ ടീം പാനലായി പ്രവര്‍ത്തിക്കും. ഇവര്‍ക്ക് പുറമെ ചര്‍ച്ച ചെയ്യുന്ന വികസന വിഷയവുമായി ബന്ധപ്പെട്ട പ്രേക്ഷകരും പരിപാടിയുടെ ഭാഗമായിരിക്കും.

ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്യുന്ന ചാനലുകളും സംപ്രേഷണ സമയവും ഇതാണ്. കൈരളി ടിവി- വെള്ളിയാഴ്ച രാത്രി 10.30 ( പുന: സംപ്രേഷണം ശനി രാവിലെ 8.00), പീപ്പിള്‍ ടിവി- വ്യാഴാഴ്ച രാത്രി 9.30 (പുന: സംപ്രേഷണം ശനി വൈകിട്ട് 5.30), ഏഷ്യാനെറ്റ് ന്യൂസ്- ഞായറാഴ്ച രാത്രി 7.30, മാതൃഭൂമി ന്യൂസ്- ഞായറാഴ്ച രാത്രി 7.30, റിപ്പോര്‍ട്ടര്‍ ടിവി- ഞായറാഴ്ച രാത്രി 7.30, ദൂരദര്‍ശന്‍- ഞായറാഴ്ച രാത്രി 7.30 (പുന: സംപ്രേഷണം തിങ്കള്‍ രാത്രി 10.00), ന്യൂസ് 18 കേരള- ഞായര്‍ രാത്രി 8.00, മീഡിയ വണ്‍- തിങ്കളാഴ്ച രാത്രി 7.30.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook