കൊച്ചി: സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ വ്യക്തിയുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് നീതിനിര്‍വഹണം ശരിയായ അര്‍ത്ഥത്തില്‍ നിറവേറ്റപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. നീതിനിര്‍വഹണം നടപ്പാക്കുന്ന പൊലീസ്, പ്രോസിക്യൂഷന്‍, ന്യായാധിപര്‍, അഭിഭാഷകര്‍ എന്നിവരെല്ലാം നിശ്ചിതമായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ചട്ടക്കൂടിലാണ് പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ ആളുകള്‍ക്ക് മനുഷ്യാവകാശവും ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും വിദൂരസ്വപ്നമായി അവശേഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കാപ നിയമത്തെ കുറിച്ച് ജസ്റ്റിസ് വി.രാംകുമാറും അഡ്വ.ജോര്‍ജ് ജോണ്‍സണും ചേര്‍ന്ന് രചിച്ച പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതോടൊപ്പം ഇവ തടയാനുള്ള നടപടിയും സ്വീകരിക്കേണ്ടതുണ്ട്. മത, ജാതി, വര്‍ഗ സംഘര്‍ഷങ്ങളും നിയമം കൈയ്യിലെടുക്കുന്ന ആള്‍ക്കൂട്ടങ്ങളും മാഫിയാപ്രവര്‍ത്തനങ്ങളും മൂലം സമൂഹത്തില്‍ സമാധാനവും സുരക്ഷിതത്വവും ഇല്ലാതാകുന്ന സ്ഥിതിയുണ്ട്. ഇതിന് തടയിടാനാണ് കരുതല്‍ തടങ്കലിന് വ്യവസ്ഥ ചെയ്യുന്ന ചില നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടത്.
സദുദ്ദേശ്യത്തോടെയാണ് പല നിയമങ്ങളും വിഭാവനം ചെയ്യപ്പെട്ടതെങ്കിലും അധികാരത്തിലിരിക്കുന്നവര്‍ ഇവയെ തെറ്റായി വ്യാഖ്യാനിച്ച് അവരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രയോഗിക്കുന്നതാണ് അനുഭവം. ഇതേത്തുടര്‍ന്ന് ടാഡയും പോട്ടയും പോലുള്ള നിയമങ്ങള്‍ക്കെതിരെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നത് മുഖ്യമന്ത്രി പറഞ്ഞു.
സമൂഹവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള കാപ നിയമം കേരളത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ ഉപയോഗിക്കുന്ന സ്ഥിതിക്ക് മാറ്റം വന്നത് ഇപ്പോഴാണ്. നിയമത്തിന്റെ വകുപ്പുകള്‍ മാത്രമല്ല അധികാരത്തിലിരിക്കുന്ന വരുടെ മാനസികാവസ്ഥ കൂടി നിയമത്തിന്റെ പ്രയോഗത്തിലുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കാപ നിയമം സര്‍ക്കാരിനും പൊലീസിനും വിപുലമായ അധികാരമാണ് നല്‍കിയിട്ടുള്ളത്. കരുതല്‍ തടങ്കലും മറ്റും നടപ്പാക്കേണ്ടത് ഏത് സാഹചര്യത്തിലാണെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണ പരിതസ്ഥിതിയില്‍ സൂക്ഷിച്ച് മാത്രം പ്രയോഗിക്കേണ്ട നിയമമാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍ക്കണം. നിയമത്തെ കുറച്ച് ജാഗ്രത പാലിക്കുന്നതും ബോധവാന്‍മാരാകുന്നതും ദുരുപയോഗം കുറയ്ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍, ഡിജിപി ലോക്‌നാഥ് ബഹ്‌റ, ജസ്റ്റിസ് വി.രാംകുമാര്‍, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള, കാപ ഉപദേശകസമിതി മുന്‍ സെക്രട്ടറി ജോസഫ് രാജന്‍, അഡ്വ. ജോര്‍ജ് ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.