കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കള്ളക്കടത്തിനു പിന്നാലെയാണ് ഏതാനും ദിവസങ്ങളായി സംസ്ഥാനരാഷ്ട്രീയം. പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായി നിലകൊള്ളുമ്പോള്‍ കേസ് അന്വേഷണം എന്‍ഐഎക്ക്. ആസൂത്രിത കള്ളക്കടത്ത് ദേശീയ സുരക്ഷയെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍ഐഎയെ അന്വേഷണം ഏല്‍പ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേസില്‍ ആരോപണവിധേയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലാണ് ഇന്ന് കേരളം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട സംഭവം. സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും യുഎഇ കോണ്‍സുൽ ജനറലിന്റെ ചുമതലുള്ള ഉദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കസ്റ്റംസിനെ ബന്ധപ്പെടുക മാത്രമാണു ചെയ്തതെന്നുമാണു സ്വപ്നയുടെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇന്നത്തെ വിശദാംശങ്ങള്‍ മുഴുവന്‍ ഇവിടെ അറിയാം.
സ്വര്‍ണക്കടത്ത് അന്വേഷണം എന്‍ഐഎയ്ക്ക്
സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസ് അന്വേഷണം എന്‍ഐഎക്ക്. ആസൂത്രിത കള്ളക്കടത്ത് ദേശീയ സുരക്ഷയെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍ഐഎയെ അന്വേഷണം ഏല്‍പ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎഇയുടെ കോണ്‍സുലേറ്റിലേക്ക് വന്ന ബാഗിലാണ് കസ്റ്റംസ് ഞായറാഴ്ച്ച 15 കോടി രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ സരിത്ത് എന്ന മുന്‍ കോണ്‍സുലേറ്റ് പിആര്‍ഒയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിലെ മുഖ്യ ആസൂത്രക എന്ന് കസ്റ്റംസ് ആരോപിക്കുന്ന മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരിയായ സ്വപ്ന സുരേഷ് ഒളിവിലാണ്.
നെറികേട് കാണിക്കരുത്: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭാവനയിലൂടെ ചില കാര്യങ്ങള്‍ കെട്ടിച്ചമച്ച് ആക്ഷേപങ്ങളുന്നയിച്ച് പുറത്തുചാടിക്കാം എന്നുവിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലെന്ന് മുഖ്യന്ത്രി പിണറായി വിജയന് വ്യക്തമാക്കി. സ്വര്‍ണക്കടത്ത് സംഭവത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ആള് ആ സ്ഥാനത്തുണ്ടാകരുത് എന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിനുവേണ്ടി നെറികേടുകള്‍ കാണിക്കരുത്. ശരിയായ മാര്‍ഗങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള രാഷ്ട്രീയ മത്സരമാണ് നടത്തേണ്ടത്.
കേസില്‍ സംസ്ഥാനത്തിന് നേരിട്ട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടാണ് അന്വേഷണ ഏജന്‍സിയെ നിയോഗിക്കാന്‍ കേന്ദത്തോട് ആവശ്യപ്പെട്ടത്. അന്വേഷണത്തില്‍ ഏതെങ്കിലും സഹായങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ സംസ്ഥാനത്തിന് എന്തെങ്കിലും ചെയ്തുകൊടുക്കാന്‍ സാധിക്കൂ. ഏത് അന്വേഷണം വേണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെറ്റ് ചെയ്തിട്ടില്ല, ആത്മഹത്യയുടെ വക്കില്‍: സ്വപ്ന സുരേഷ്
”യുഎഇ കോണ്‍സുലേറ്റിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ ഒരു സ്ത്രീയാണ് ഞാനെന്ന് എല്ലാവരും പറയുന്നു. ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല. ആ സ്വര്‍ണത്തില്‍ ഒരു പങ്കുമില്ല. ഭയം കൊണ്ടും കുടുംബത്തിനുള്ള ഭീഷണി കാരണവുമാണ് ഞാന്‍ മാറിനില്‍ക്കുന്നത്. തെറ്റ് ചെയ്തിട്ടില്ല,” സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്കു നല്കിയ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
”ഡിപ്ലോമാറ്റിക് കാര്‍ഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്, കാര്‍ഗോ ഇതുവരെ ക്ലിയര്‍ ആയില്ലെന്ന് യുഎഇ നയതന്ത്ര പ്രതിനിധി വിളിച്ച് അതൊന്ന് അന്വേഷിച്ചിട്ട് പറയാന്‍ പറഞ്ഞു. അവിടുത്ത എസി രാമമൂര്‍ത്തി (കസ്്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍) സാറിനോട് ചോദിച്ചു. യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ്, ആ കാര്‍ഗോ എത്രയും പെട്ടെന്ന് ക്ലിയര്‍ ചെയ്യാന്‍ പറഞ്ഞു. ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോണ്‍ വച്ചു. പിന്നീടൊന്നും എനിക്കറിയില്ല. കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റുമായി എനിക്ക് ബന്ധമില്ല. കോണ്‍സുല്‍ ജനറല്‍ പറയുന്ന ജോലി അല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല.”
”യുഎഇയില്‍നിന്ന് വരുന്നവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയാണ് ഞാന്‍ ചെയ്യുന്നത്. അങ്ങനെ വരുന്നവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുക, അവരെ കംഫര്‍ട്ടബിള്‍ ആക്കുക തുടങ്ങിയവ മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്റെ പിന്നില്‍ നില്ക്കുകയെന്നതാണ് എന്റെ ജോലി. അല്ലാതെ മുഖ്യമന്ത്രിയുടെ പിന്നിലല്ല താന്‍ നിന്നത്. കഴിഞ്ഞ നാഷണല്‍ ഡേ നിങ്ങളെടുത്ത് നോക്കണം. അന്ന് വന്നത് പ്രതിപക്ഷ നേതാവാണ്. അന്ന് ആളുടെ കൂടെ വേദി പങ്കിടുകയും ചെയ്തിട്ടുണ്ട്. എന്നെ യുഎഇ കോണ്‍സുലേറ്റില്‍നിന്ന് പിരിച്ചുവിട്ടിട്ടില്ല. കൊറോണയുമായി ബന്ധപ്പെട്ട ഇവാക്വേഷനിലടക്കം ഞാന്‍ സഹായിച്ചിട്ടുണ്ട്.”
താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നു സ്വപ്ന പറഞ്ഞു. ഇതില്‍ ഉണ്ടാകുന്ന ദ്രോഹം എനിക്കും എന്റെ കുടുംബത്തിനും മാത്രമാണ്. ഇത് മുഖ്യമന്ത്രിമാരെയോ മറ്റ് മന്ത്രിമാരെയോ ബാധിക്കില്ല. എന്റെ പശ്ചാത്തലം അന്വേഷിക്കുന്നതിനു പകരം ആരാണ് കാര്‍ഗോ അയച്ചതെന്നും ആര്‍ക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടത്. ഇവിടെയുള്ള പാവപ്പെട്ടവരുടെ തലയില്‍ അടിച്ചമര്‍ത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നോക്കാതെ അതിന് യഥാര്‍ഥ നടപടി എടുക്കണം. എന്റെ കാര്യവും അന്വേഷിക്കൂ…ഞാന്‍ ഏതൊക്കെ കരാറില്‍ പങ്കെടുത്തിട്ടുണ്ടോ എന്നൊക്കെ അന്വേഷിച്ചോളൂ.
കോണ്‍സുലേറ്റില്‍ ജോലി ചെയ്തപ്പോഴൊന്നും തന്റെ തൊഴിലില്‍ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പല മന്ത്രിമാരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അതെല്ലാം തൊഴിലിന്റെ ഭാഗമായിട്ടാണെന്നും സ്വപ്ന സുരേഷ് ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു.
സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചേക്കും
ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഇ ഫയലിങ് വഴി ബുധനാഴ്ച രാത്രി വൈകിയാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
തനിക്കു ക്രിമിനല്‍ പശ്ചാത്തലമോ സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധമോ ഇല്ലെന്നും മാധ്യമങ്ങള്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്്. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തന്നെ പ്രതിയാക്കാന്‍ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി കോടതി നാളെ പരിഗണിച്ചേക്കും.
കോണ്‍സുലേറ്റ് ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമീസ് അല്‍ ഷെമിലിയുടെ പേരില്‍ അയച്ച കാര്‍ഗോ വൈകിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണു കസ്റ്റംസ് അധികൃതരുമായി ബന്ധപ്പെട്ടതെന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
തിരുവനന്തപുരത്തെ കാര്‍ഗോ കോപ്ലക്സില്‍ ബാഗേജ് ക്ലിയര്‍ ചെയ്യാന്‍ കഴിയാതിരുന്നതോടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചത്. ബാഗേജ് തിരിച്ചയക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ തയാറാക്കാന്‍ റാഷിദ് ഖാമിസ് തന്നോട് ആവശ്യപ്പെട്ടിരുന്നു. ജൂലായ് മൂന്നിന് അപേക്ഷ തയാറാക്കി ഖാമിസിന് ഇ മെയില്‍ ചെയ്തിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
2016 മുതല്‍ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരിയായിരുന്ന താന്‍ 2019 സെപ്റ്റംബറില്‍ രാജിവച്ചു. തുടര്‍ന്ന് കോണ്‍സുലേറ്റ് അധികൃതരുടെ നിര്‍ദേശപ്രകാരം ഭരണപരമായ കാര്യങ്ങളില്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് സഹായം നല്‍കിയിരുന്നുവെന്നും സ്വപ്ന ഹര്‍ജിയില്‍ പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സ്വര്‍ണക്കടത്ത് അടക്കം വിവാദ ഇടപാടുകളില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിനും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആലപ്പുഴ സ്വദേശിയായ മാധ്യമപ്രവര്ത്തകന് മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനക്ക് അയക്കാന്‍ സിംഗിള്‍ ബഞ്ച് രജിസ്ട്രിയോട് നിര്‍ദേശിച്ചു.
കേസ് നമ്പര്‍ ഇട്ടിട്ടില്ലെന്നും ഉള്ളടക്കത്തിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും ചുണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കേസ് ഏത് ബഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ കടത്ത്, സ്പ്രിന്‍ക്ലര്‍, ബവ്ക്യൂ ആപ്പ്, ഇ-മൊബിലിറ്റി ഇടപാടുകളില്‍ സിബിഐ അന്വേഷണം വേണമെന്നും സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
കൊച്ചിയിലും കോഴിക്കോട്ടും തെരച്ചിൽ
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയിലും കോഴിക്കോട്ടും കസ്റ്റംസ് ഇന്ന് റെയ്ഡ് നടത്തി. കൊച്ചി ഞാറയ്ക്കലിലെ ട്രേഡ് യൂണിയന് നേതാവിന്റെ വീട്ടിലും കോഴിക്കോട് കൊടുവള്ളിയിലെ വ്യാപാരിയുടെ വീട്ടിലുമാണ് തെരച്ചിൽ നടത്തിയത്.
നയതന്ത്ര കാര്‍ഗോ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസിനെ വിളിച്ചത് ഞാറയ്ക്കല്‍ സ്വദേശിയായ കാർഗോ ക്ലിയറിങ് ആൻഡ് ഫോർവേഡിങ് ഏജന്റ്സ് അസോസിയേഷൻ നേതാവാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ തെരച്ചിൽ നടത്തിയത്. ഇയാളുടെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും വീടുകള്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലാണെന്നാണു വിവരം. ഇയാള്‍ക്ക് ഒളിവില്‍ കഴിയുന്ന സന്ദീപ് നായരുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ച വിവരം.
കോഴിക്കോട് ബിസിനസുകാരനായ കൊടുവള്ളി സ്വദേശി വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടിലാണ് ഇന്നു പുലര്‍ച്ചെ മുതല്‍ കസ്റ്റംസ് മിന്നല്‍ പരിശോധന നടത്തിയത്. ഷാഫി ഹാജിയുടെ മകന് സ്വര്‍ണക്കടത്ത് സംഭവത്തില്‍ ഒളിവില്‍ ക ഴിയുന്ന സന്ദീപ് നായരുമായി ബന്ധമുണ്ടെന്നന്നാണ് കസ്റ്റംസ് കരുതുന്നത്. സന്ദീപ് നായരുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ വ്യാപാരി പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
സരിത്ത് കുമാര്‍ കസ്റ്റംസ് കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്ത് കുമാറിനെ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതി ഏഴ് ദിവസത്തെ കസ്്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചാണ് ജൂലൈ 15 വരെ കോടതി കസ്റ്റഡിയില്‍ വിട്ടത്.
കള്ളക്കടത്തില്‍ വേറെയും പ്രതികളുണ്ടന്നും സരിതിനെ ചോദ്യം ചെയ്താലെ വിവരങ്ങള്‍ ലഭിക്കൂ എന്നും കസ്റ്റംസ് അറിയിച്ചു. കള്ളക്കടത്തില്‍ പങ്കുള്ളവരില്‍ ചിലര്‍ ഒളിവിലാണന്നും തെളിവു നശിപ്പിക്കാന്‍ സാധ്യത ഉള്ളതിനാല്‍ പ്രതിയെ നേരത്തെ ചോദ്യം ചെയ്യേണ്ടതുണ്ടന്നും കസ്റ്റംസ് ബോധിപ്പിച്ചു. അങ്കമാലിയിലെ കോവിഡ് പരിശോധനാകേന്ദ്രത്തില്‍ പരിശോധന നടത്തി കോവിഡ് ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയശേഷമാണ് സരിത്തിനെ കോടതിയില്‍ ഹാജരാക്കിയത്.
കേസില്‍ സ്വപ്ന സുരേഷിനായി കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് തിരച്ചില്‍ നടത്തിയെങ്കിലും സ്വപ്നയെ കണ്ടെത്താനായില്ല. സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
സ്വപ്നയ്ക്കു പിന്നാലെ ഒളിവില്‍പ്പോയ തിരുവനന്തപുരം സ്വദേശി സന്ദീപ് നായര്‍ കളളക്കടത്ത് റാക്കറ്റിലെ സുപ്രധാന കണ്ണിയാണെന്നാണു കസ്റ്റംസിന്റെ കണ്ടെത്തല്‍. സരിത്തിനൊപ്പം സന്ദീപ് നായരും ഇടപാടുകള്‍ക്കായി വിദേശത്ത് പോയിട്ടുണ്ട്. ഇത് വരെ നടന്ന എല്ലാ കടത്തിലും സരിത്തിനൊപ്പം സന്ദീപ് പങ്കാളിയായിരുന്നുവെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.
സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ആറുമണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു.
അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി
കേസില്‍ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. വിദേശകാര്യ മന്ത്രാലയം അനുമതി നല്കിയാല് മാത്രമേ അറ്റാഷെയെ ചോദ്യം ചെയ്യൂ.
തങ്ങളുടെ കോണ്‍സുലേറ്റിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റ സംഭവത്തില്‍ യുഎഇ സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചു. യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. വലിയ കുറ്റം ചെയ്യുക മാത്രമല്ല ഇന്ത്യയിലെ യുഎഇ ദൗത്യത്തിന്റെ കീര്‍ത്തിയില്‍ കരിവാരിത്തേയ്ക്കുക കൂടി ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
അതിനിടെ, സിബിഐ ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് വിവരങ്ങള്‍ തേടിയത്. സ്വഭാവിക നടപടിയെന്നാണ് സിബിഐ വിശദീകരണം. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും കേന്ദ്ര സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക.
സിസിടിവി ദൃശ്യങ്ങള്‍ തേടി
വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സ്, സ്വപ്നയുടെ ഓഫീസ് എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കത്തു നല്കി. ദൃശ്യങ്ങള്‍ നല്കാന് ഡിജിപി സിറ്റി പൊലീസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്കി. കാര്‍ഗോ കോംപ്ലക്സിലേക്കുള്ള റോഡിന്റെ ഇരുവശത്തെയും സിസിടിവി ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്. കള്ളക്കടത്തിന് സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തിട്ടുണ്ടോ, ഡിപ്ലോമാറ്റുകള്‍ ആരെങ്കിലും അകമ്പടിയായി വന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനാണ് ഈ നീക്കമെന്നാണ് വിവരം.
മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കാത്തത് ദുരൂഹം: കെ. സുരേന്ദ്രന്
തിരുവനന്തപുരം: സ്വര്‍ണ കളളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണം പ്രഖ്യാപിക്കാത്തത് ദുരൂഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മുഖ്യമന്ത്രി പച്ചക്കളളം പറയുകയാണ് കേസിന്റെ കുന്തമുന നീളുന്നത് പിണറായി വിജയനിലേക്കാണ്. മുഖ്യമന്ത്രിക്ക് നട്ടെല്ല് ഉണ്ടെങ്കില്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് സ്വപ്നയെ 2007 മുതല്‍ അറിയാം. സ്വപ്ന സുരേഷ് സര്‍ക്കാര്‍ വാഹനങ്ങളും ലെറ്റര്‍ ഹെഡും ദുരുപയോഗം ചെയ്തു. നിയമസഭയുടെ സൗകര്യങ്ങളും കളളക്കടത്തുകാരി ഉപയോഗിച്ചു. പിണറായി സര്‍ക്കാര്‍ കേസ് അന്വേഷണത്തിന് എന്ത് സഹായമാണ് നല്‍കുന്നത്. സ്വപ്ന സുരേഷ് എവിടെയാണെന്ന് അന്വേഷിക്കാനുളള മര്യാദ കാണിക്കണെന്നും സുരേന്ദ്രന്.
ശിവശങ്കറിനെ മുഖ്യമന്ത്രി ഭയപ്പെടുന്നു: ചെന്നിത്തല
തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ മുഖ്യമന്ത്രി ഭയപ്പെടുന്നതിനാലാണ് അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യാന്തര കളളക്കടത്ത് ഏജന്‍സികളെ സഹായിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വാനോളം പുകഴ്ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയും സര്‍ക്കാരും രാജിവച്ച് ജനവിധി തേടണം. ഐടി വകുപ്പില്‍ നൂറുകണക്കിന് അനധികൃത നിയമനങ്ങളാണ് നാലു വര്‍ഷമായി നടന്നത്. ഇതെല്ലാം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ നിയമനങ്ങളാണ്. സര്‍വീസ് ചട്ടം ലംഘിച്ച ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
‘സ്വര്ണമുഖ്യന്’ രാജിവയ്ക്കണം: കെ മുരളീധരന്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വര്ണമുഖ്യന് പിണറായി വിജയന് രാജിവയ്ക്കണമെന്ന് കെ.മുരളീധരന് എംപി. ഐഎസ്ആര്‍ഒ ചാരക്കേസില്‍, ചാരമുഖ്യന്‍ കെ.കരുണാകരന് രാജിവയ്ക്കണമെന്ന് സിപിഎം അന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ. മുരളീധരന് പറഞ്ഞു.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയത് ഇതിന്റെ തെളിവാണ്. കേസ് സിബിഐ അന്വേഷിച്ചാല്‍ എല്ലാം തെളിയും. സോളാര്‍ ഉള്‍പ്പെടെ ഏത് കേസ് സര്‍ക്കാര്‍ പൊടി തട്ടിയെടുത്താലും സ്വര്‍ണക്കടത്ത് കേസിലെ വസ്തുതകള്‍ പുറത്തുവരണം. ഇല്ലെങ്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്നും മുരളീധരന് പറഞ്ഞു.
കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കാനം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇത്തരം കാര്യങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണമെന്നതില് സംശയമില്ല.
വിഷയം പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്നതല്ല സ്വര്‍ണ കള്ളക്കടത്ത് സംബന്ധിച്ച് അന്വേഷിക്കുക എന്നതാണ് ഇപ്പോഴത്തെ വിഷയം. സ്പ്രിംക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറിയെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നതാണെന്നും കാനം പറഞ്ഞു.
സ്പീക്കറുടെ വീട്ടിലേക്ക് മാര്‍ച്ച്
മലപ്പുറം: സ്വര്‍ണക്കടത്ത് സംഭവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് പെരിന്തല്‍മണ്ണയിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ സംഘര്‍ഷം. കേസില്‍ ആരോപണവിധേയയായ സ്വപ്ന സുരേഷ് വിളിച്ചതിനെതുടര്‍ന്ന് സന്ദീപ് നായരുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പോയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചു.