Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

‘സ്വര്‍ണവേട്ട’യ്ക്ക് പ്രതിപക്ഷവും ബിജെപിയും; അന്വേഷണത്തിന് എന്‍ഐഎ

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഎപിഎ ചുമത്തുന്നത്

കൊച്ചി: പ്രതിപക്ഷ സമരം തെരുവില്‍ ‘ചോര കണ്ട്’തുടങ്ങിയതിനൊപ്പം യുഎപിഎയുമായി എന്‍ഐഎയും വന്നതോടെ സ്വര്‍ണക്കടത്ത് കേസ് പുതിയ തലത്തില്‍. സമൂഹവ്യാപനത്തിന്റെ വക്കിലെത്തിനില്‍ക്കുന്ന കോവിഡ്-19ന് എതിരെ കടുത്ത നടപടികളിലേക്കു കടന്നിരിക്കുന്ന സര്‍ക്കാരിനു പ്രതിരോധത്തില്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുകയാണ് പ്രതിപക്ഷ സമരം. അതേസമയം എന്‍ഐഎ അന്വേഷണം സ്വാഗതാര്‍ഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിബിഐ തന്നെ അന്വേഷിക്കണമെന്ന് വാശിപിടിക്കുന്നത് എന്തിനാണെന്നും എന്‍ഐഎ എന്നു കേള്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് യുഎപിഎ ചുമത്തുന്നത്. സ്വര്‍ണക്കടത്തില്‍നിന്നുള്ള വരുമാനം ഭീകര പ്രവര്‍ത്തനതിന് വേണ്ടി ഉപയോഗിക്കാന്‍ സാധ്യതയുണ്ടന്ന നിഗമനത്തില്‍ യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണു പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ഇതിനിടെ സ്വര്‍ണക്കടത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുള്ളതായി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഇന്നത്തെ സംഭവവികാസങ്ങള്‍ ഇവിടെ വായിക്കാം.

നാലുപേര്‍ക്കെതിരെ യുഎപിഎ

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെ നാല് പേരെ എന്‍ഐഎ പ്രതിചേര്‍ത്തു. സ്വപ്‌ന രണ്ടാം പ്രതിയാണ്. പിഎസ് സരിത്താണ് ഒന്നാം പ്രതി. ഫാസില്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍. യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഇക്കാര്യം എന്‍ഐഎ ഹൈക്കോടതിയെ അറിയിച്ചു.

Also Read: സ്വര്‍ണക്കടത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളാനാവില്ല; സര്‍ക്കാരിനെതിരെ കസ്റ്റംസ്

കേസില്‍ സ്വപ്നയുടെ പങ്ക് സംശയാസ്പദമാണെന്നാണ് എന്‍ഐഎയെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഒളിവില്‍ പോയ സ്വപ്നയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ പങ്ക് വ്യക്തമാവൂയെന്നും എന്‍ഐഎയെ ബോധിപ്പിച്ചു. സ്വപ്നയുടെ മൂന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്യ്ത വിവരം അന്വേഷണ ഏജന്‍സി കോടതിയെ അറിയിച്ചത്.

സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ പങ്കാളികളാണന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി. സ്വര്‍ണക്കടത്ത് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണ്. സ്വപ്ന വേറെ കേസിലും പ്രതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയെന്നും കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചു.

ഉന്നത ഉദ്യോഗസ്ഥര്‍ സംശയമുനയില്‍

കൊച്ചി: നയതന്ത്ര പരിരക്ഷയുടെ മറവില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന നിലപാടിലാണ് കസ്റ്റംസ്. ഒളിവില്‍ കഴിയുന്ന സ്വപ്ന സുരേഷിനെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂയെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഈ നിലപാടെടുത്തത്.

Also Read: സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ ചുമത്തി പ്രതിചേർത്തതായി എൻഐഎ

യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര പരിരക്ഷയുടെ മറവില്‍ രാജ്യത്തേക്കു സ്വര്‍ണം കടത്തിയ വന്‍ റാക്കറ്റിലെ കണ്ണിയാണു സ്വപ്ന. സര്‍ക്കാര്‍ ഏജന്‍സികളെയും കസ്റ്റംസിനെയും കബളിപ്പിച്ച് സ്വര്‍ണം കടത്തുന്നതിലും ഗൂഡാലോചനയിലും സ്വപ്നക്ക് സജീവ പങ്കാളിത്തമുണ്ട്. സ്വപ്നക്കെതിരെ സാക്ഷിമൊഴിയുണ്ടെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.

മുഖ്യകണ്ണി സന്ദീപെന്ന കസ്റ്റംസ്

നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. സന്ദീപ് നായരെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ക്കായി കസ്റ്റംസ് തെരച്ചില്‍ തുടരുകയാണ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി സന്ദീപിന്റേതായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആറു മാസത്തിനിടെ ഏഴു തവണ സമാന രീതിയില്‍ സ്വര്‍ണം കടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോള്‍ റിമാന്‍ഡിലുള്ള സരിത് കേസില്‍ മൂന്നാം കണ്ണി മാത്രമാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍.

കള്ളക്കടത്തില്‍ ഭര്‍ത്താവിനും സ്വപ്നക്കും പങ്കുണ്ടന്ന് ഒളിവില്‍ കഴിയുന്ന സന്ദീപ് നായരുടെ ഭാര്യ സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്. നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ ഭര്‍ത്താവും സ്വപ്നയും സരിത്തും അറിയാവുന്ന ചിലരും സ്വര്‍ണം കടത്തുന്നതായി തനിക്ക് അറിവുണ്ടന്നാണ് സൗമ്യയുടെ മൊഴി. സ്വപ്നയും സരിതും കള്ളക്കടത്തുകാര്‍ക്കു വേണ്ടി സ്വര്‍ണം കടത്തുന്നതായി അറിയാമെന്നും സൗമ്യ മൊഴി നല്‍കിയിട്ടുണ്ട്.

Also Read: സ്വർണക്കടത്തിൽ എൻഐഎ കേസെടുത്തു; മുഖ്യകണ്ണി സന്ദീപ് തന്നെയെന്ന് കസ്റ്റംസ്

കാര്‍ഗോ കോംപ്ലക്‌സില്‍നിന്ന് പാഴ്‌സല്‍ കൈപ്പറ്റുന്നതിനുള്ള കടലാസ് ജോലികള്‍ സ്വപ്നയാണ് നിര്‍വഹിക്കുന്നതെന്ന് അറിയാമെന്നും സൗമ്യമൊഴി നല്‍കിയുണ്ട്. സ്വപ്നയുടെ ജാമ്യാപേക്ഷയിലും ഇക്കാര്യം പറയുന്നുണ്ടന്നും ഇതിന്റെ സത്യാവസ്ഥ പരിശോധിക്കേണ്ടതുണ്ടന്നും കസ്റ്റംസ് വ്യക്തമാക്കി.

സരിത്തിനെതിരെയും സത്യവാങ്ങ്മൂലത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ട്. പാഴ്‌സല്‍ സ്വീകരിക്കുന്നതിനു കോണ്‍സുലേറ്റിന്റെ പണം അടയ്ക്കുന്നതിനു പകരം സരിത് നേരിട്ട് തുക അടച്ചു. പാഴ്‌സല്‍ കൊണ്ടു പോകാന്‍ കോണ്‍സുലേറ്റിന്റെ വാഹനത്തിനു പകരം സരിത് സ്വന്തം വാഹനമാണ് ഉപയോഗിച്ചത്. ഇതു രണ്ടും നടപടിക്രമത്തിന് വിരുദ്ധമാണന്നും കസ്റ്റംസ് സത്യവാങ്ങ്മൂലത്തില്‍ ബോധിപ്പിച്ചു. കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. സന്ദീപ് നായരെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാള്‍ക്കായി കസ്റ്റംസ് തെരച്ചില്‍ തുടരുകയാണ്.

ഹരിരാജിനെ ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിര്‍ദേശം. സ്വര്‍ണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസില്‍ ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായി ഇന്നലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എയര്‍ കാര്‍ഗോ അസോസിയേഷന്‍ ഇന്ത്യ നേതാവാണ് ഹരിരാജ്. ഇയാള്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം ആരോപണങ്ങളെയെല്ലാം ഹരിരാജ് നിഷേധിക്കുകയായിരുന്നു. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അടുത്ത ബന്ധമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാന്‍ ഫോളോവര്‍ മാത്രമാണെന്നും കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് ഹരിരാജ് പ്രതികരിച്ചിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിനെ വിളിച്ചെന്ന ആരോപണവും ഹരിരാജ് തള്ളിക്കളഞ്ഞിട്ടുണ്ട്.

എന്‍ഐഎ അന്വേഷണം സ്വാഗതാര്‍ഹം, നെഞ്ചിടിപ്പ് എന്തിന്?: മുഖ്യമന്ത്രി

കേസില്‍ സംസ്ഥാനത്തിന്റെ അഭ്യര്‍ഥന മാനിച്ച് അന്വേഷണത്തിന് പെട്ടെന്നു തന്നെ നടപടിയുണ്ടായത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . എന്‍ഐഎ ഫലപ്രദമായി അന്വേഷണം നടത്താന്‍ കഴിയുന്ന ഏജന്‍സിയാണ്. അന്വേഷണം ആരംഭിച്ചതായി അവര്‍ ഹൈക്കോടതിയില്‍ അറിയിച്ചുകഴിഞ്ഞതായി മാധ്യമങ്ങള്‍ പറയുന്നു.

Swapna Suresh and Sarith

എന്‍ഐഎ പറ്റില്ല, സിബിഐ പറ്റും എന്ന പ്രതിപക്ഷ നിലപാട് എന്തിനാണ്? അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തട്ടെ. കുറ്റവാളികള്‍ എന്നു പറയുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് അറിയില്ല. കാരണം അവര്‍ പറഞ്ഞിരിക്കുന്നത് ഈ കേസ് മാത്രമല്ല, മുന്‍പുള്ള ചില കള്ളക്കടത്ത് കേസ് കൂടി അന്വേഷിക്കുമെന്ന് അവര്‍ പറഞ്ഞതായി കാണുന്നു. അങ്ങനെ വരുമ്പോള്‍ ആരിലൊക്കെയാണ് എത്തിച്ചേരുകയെന്ന നെഞ്ചിടിപ്പ് പലര്‍ക്കും വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കമായേ സമരത്തെ കാണേണ്ടതുള്ളൂ. സ്വപ്ന വ്യാജസര്‍ട്ടിഫിക്കറ്റ് വച്ച് ജോലി നേടിയത് അന്വേഷിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിബിഐ തന്നെ വേണമെന്ന്് പ്രതിപക്ഷം

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുകൊണ്ട് വരാന്‍ സിബിഐ അന്വേഷണമാണ് അഭികാര്യം. സിബിഐയുടെ സ്വതന്ത്ര അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകണമെന്നും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിബിഐക്കും എന്‍ഐഎക്കുമൊപ്പം റോയുടെ സേവനവും പ്രയോജനപ്പെടുത്തണം. സ്വര്‍ണകടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം നല്ലതാണ്. പക്ഷെ ഡിജിപിക്ക് എന്‍ഐഎയിലുള്ള സ്വാധീനം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെങ്കിലും എം ശിവശങ്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

‘മോഷ്ടാവ് കുറ്റം സമ്മതിച്ച ചരിത്രം ഇല്ലെന്ന മട്ടിലാണ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഓഫിസ് അഴിമതിക്ക് കുട പിടിക്കുകയാണ്. ഐടി വകുപ്പില്‍ പിന്‍വാതില്‍ നിയമനം ആണ് നടക്കുന്നത്. സിഡിറ്റില്‍ മാത്രം 51 അനധികൃത നിയമനം നടന്നിട്ടുണ്ട്,’ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വലിയ അഴിമതിയാണ് ഐടി വകുപ്പില്‍ നടക്കുന്നത്. അനധികൃത നിയമനം നേടിയവര്‍ ഏറെയും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് വകവയ്ക്കാതെ സമരം, സംഘര്‍ഷം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിപക്ഷ സംഘടനകളുടെയും ബിജെപിയും നേതൃത്വത്തില്‍ പ്രക്ഷോഭം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെയാണു പലയിടത്തും പ്രതിഷേധം നടന്നത്.

കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയും ജലപീരങ്കി ഉപയോഗിക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തു. ഇന്ന് രാവിലെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചുമായി എത്തിയ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടയുകയായിരുന്നു. ബാരിക്കേഡ് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ വന്നതോടെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിക്കേണ്ടിവന്നു. സംഘര്‍ഷത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിനും പരുക്കേറ്റു.

കണ്ണൂരിലെ മുഖ്യമന്ത്രിയുടെ വസതിയിലേക്കും യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ പൊലീസ് ഏറെ പ്രയാസപ്പെട്ടു. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ് പലയിടത്തും പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്.

മുഖ്യമന്ത്രിയുടെ പിണറായിലെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസും മാര്‍ച്ച് നടത്തി. പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക്കിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. കെ.എസ്.യുവും സംസ്ഥാനത്തുടനീളം പ്രതിഷേധിച്ചു. തിരുവനന്തപുരം നെടുമങ്ങാടും കോഴിക്കോട്ടും യുവമോര്‍ച്ച പ്രതിഷേധിച്ചു.

സമരം കടുപ്പിക്കാന്‍ യുഡിഎഫും ബിജെപിയും തയാറെടുക്കുകയാണ്. സര്‍ക്കാര്‍ നീതികേട് കാണിച്ചാല്‍ കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുമെന്ന് കെ.സുധാകരന്‍ എംപി പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യം ഉള്ളതിനാലാണ് പ്രതിപക്ഷം ഇത്തരത്തില്‍ പോകുന്നതെന്നും ആ വിഘാതം തട്ടിമാറ്റാന്‍ നിയമം തടസമല്ലെന്നും സുധാകരന്‍ പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരത്തിന് ഒരുങ്ങുകയാണ് ബിജെപി. കോവിഡ് പ്രോട്ടോക്കോള്‍ മാനിക്കില്ലെന്നും ആയിരക്കണക്കിനാളുകളെ സംഘടിപ്പിച്ച് സമരം ചെയ്യുമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍ പറഞ്ഞു.

അക്രമസമരം മനുഷ്യജീവനുനേരെയുള്ള വെല്ലുവിളി: സിപിഎം

സ്വെര്‍ണക്കടത്ത് കേസിന്റെ പേരിലുള്ള അക്രമസമരങ്ങള്‍ വഴി മനുഷ്യജീവന്‍ പന്താടുകയാണെന്ന് സിപിഎം. കോവിഡ് പടരുമ്പോഴുള്ള അക്രമസമരങ്ങള്‍ മനുഷ്യജീവനുനേരെയുള്ള വെല്ലുവിളിയാണ്. അധികാരമോഹം മുന്‍നിര്‍ത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയസമരമാണ് പ്രതിപക്ഷത്തിന്റേത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം അട്ടിമറിക്കാനാണോ സമരം? ജനവികാരം അരാജകസമരത്തിനെതിരാണെന്ന് പ്രതിപക്ഷം മനസിലാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Pinarayi vijayan swapna suresh trivandrum airport gold smuggling case news wrap july

Next Story
പൂന്തുറ പ്രതിഷേധത്തിന് പിന്നില്‍ പ്രതിപക്ഷം; വ്യാജവാര്‍ത്ത പരത്തുന്നു: മുഖ്യമന്ത്രിcovid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, poonthura, പൂന്തുറ, super spread, സൂപ്പര്‍ സ്പ്രഡ്, poonthura covid agitation, പൂന്തുറ കോവിഡ് സമരം,
The moderation of comments is automated and not cleared manually by malayalam.indianexpress.com