തിരുവനന്തപുരം: ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന പിടിവാശി സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതി വിധി നടപ്പിലാക്കുക അല്ലാതെ സർക്കാരിന് മുന്നിൽ മറ്റു വഴിയില്ല. മൗലികാവകാശങ്ങൾ ലംഘിക്കാൻ പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. മൗലികാവകാശങ്ങൾക്കുമേലെ വിശ്വാസം എന്ന നിലപാട് സർക്കാരിന് സ്വീകരിക്കാനാവില്ല. ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസം. സുപ്രീം കോടതിയെ അനുസരിക്കാനേ സർക്കാരിന് കഴിയൂവെന്ന് വിശ്വാസികൾ മനസ്സിലാക്കണം. നാളെ വിധി മറ്റൊന്നായാൽ അതായിരിക്കും സർക്കാർ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർവകക്ഷി യോഗത്തിൽ യുഡിഎഫും ബിജെപിയും ഒരേ നിലപാടാണ് സ്വീകരിച്ചത്. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. അതിൽ ആശങ്കപ്പെടേണ്ടതില്ല. 10 നും 50 നും പ്രായമുളളവർക്ക് ശബരിമലയിൽ പോകാമെന്നാണ് സുപ്രീം കോടതി വിധി. അത് സർക്കാരിന് തടയാനാകില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുകയല്ലാതെ മറ്റൊരു നിലപാട് സർക്കാരിന് സ്വീകരിക്കാനാവില്ല. സർക്കാരിന് മുന്നിൽ വേറെ വഴിയില്ല. സർക്കാരിന് ദുർവാശിയില്ലെന്നും പിണറായി പറഞ്ഞു.

ശബരിമലയിൽ പ്രത്യേക ദിവസങ്ങളിൽ യുവതീ പ്രവേശനം സാധ്യമാകുമോയെന്ന് പരിശോധിക്കും. അതിന് അർത്ഥം അവരെ ശബരിമലയിൽ തടയുമെന്നല്ല. എല്ലാ ദിവസവും എന്നതിനു പകരം ചില പ്രത്യേക ദിവസങ്ങളിൽ യുവതികൾക്ക് ദർശനം സാധ്യമാകുമോയെന്ന് പരിശോധിക്കും. ശബരിമലയിൽ ശാന്തിയും സമാധാനവും വേണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സുപ്രീം കോടതി വിധി അനുസരിക്കാൻ നമ്മളെല്ലാം ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സർക്കാർ വിളിച്ച സർവകക്ഷിയോഗം പരാജയപ്പെട്ടിരുന്നു. ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് യോഗം പരാജയപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.