scorecardresearch
Latest News

പിഴ ചുമത്തുന്നത് മഹാപരാധമെന്ന മട്ടിൽ കാണരുത്; പൊലീസ് നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി

വിമര്‍ശനം നല്ലതുതന്നെ, എന്നാല്‍ അത് യാഥാര്‍ത്ഥ്യങ്ങളെ കാണാതെയും നടത്തിയ സേവനങ്ങളെ വിസ്മരിച്ചുകൊണ്ടുമാവരുത്

പിഴ ചുമത്തുന്നത് മഹാപരാധമെന്ന മട്ടിൽ കാണരുത്; പൊലീസ് നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി
ഫയൽ ചിത്രം

തിരുവനന്തപുരം: കേരള പൊലീസിന്റെ നടപടികളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിഴ ചുമത്തുന്നത് മഹാപരാധം എന്ന മട്ടിൽ കാണരുതെന്നും പൊലീസ് ചെയ്യുന്നത് ഏൽപ്പിച്ച ചുമതല മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഷോളയൂരിലെ പ്രശ്നത്തിന് കാരണം കുടുംബ കലഹമാണ്. കേസിലെ പ്രതികളായ മുരുകന്‍, ചൊറിയമൂപ്പന്‍ എന്നിവരെ അറസ്റ്റ് ചെയ്യാനത്തിയ പൊലീസുദ്യോഗസ്ഥരെ ദേഹോപദ്രവമേല്‍പ്പിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്താന്‍ ശ്രമിക്കുകയുമാണ് ഉണ്ടായത്. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് ഊരിലേക്ക് പോവുകയാണ് ഉണ്ടായത്. ക്രമസമാധാനം നിലനിര്‍ത്തുവാനും നിമയമവാഴ്ച പുലര്‍ത്തുന്നതിനും പൊലീസ് സ്വീകരിച്ച സ്വാഭാവിക നടപടിയായാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിമര്‍ശനം നല്ലതുതന്നെ, എന്നാല്‍ അത് യാഥാര്‍ത്ഥ്യങ്ങളെ കാണാതെയും നടത്തിയ സേവനങ്ങളെ വിസ്മരിച്ചുകൊണ്ടുമാവരുത്.  ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമാണ് കേരളം. വർഗീയ സംഘര്‍ഷങ്ങളില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞതിലും പൊലീസിന് വലിയ പങ്കുണ്ട്. പൊതുസമൂഹത്തിന്റെ പങ്കിനൊപ്പം പൊലീസിന്റെ പങ്കും ഇത്തരം കാര്യങ്ങളില്‍ വിസ്മരിക്കാനാവില്ല. തെളിയില്ലെന്നു കണക്കാക്കിയ നിരവധി കേസുകള്‍ തെളിയിച്ച ചരിത്രവും ഇപ്പോഴത്തെ പൊലീസിനുണ്ട്. സിബിഐക്ക് വിട്ട ജലജാസുരന്‍ കേസ് തെളിയിച്ചതും ഇതിന്റെ ഭാഗമാണ്.

നിയമവാഴ്ച സംരക്ഷിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്താനുമാണ് പൊലീസ് നിലകൊള്ളുന്നത്. അതോടൊപ്പം ജനങ്ങളുടെ എല്ലാ പ്രയാസങ്ങളിലും അവരുടെ കണ്ണീരൊപ്പാന്‍ നിലകൊണ്ട സംവിധാനമായി പൊലീസിനെ മാറ്റിയെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. നാട്ടില്‍ നിയമവാഴ്ച തുടരുന്നതിന് താല്‍പ്പര്യമില്ലാത്ത വിഭാഗങ്ങള്‍ പൊലീസിനെതിരെ രംഗത്ത് വരുന്നുണ്ട്.  തീവ്രവാദികളും വര്‍ഗ്ഗീയ ശക്തികളും അരാജകവാദികളും ഈ പ്രവര്‍ത്തനത്തില്‍ ബോധപൂര്‍വ്വം ഇടപെടുന്നുണ്ട്. ഓരോ ദിവസവും പൊലീസിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ നിറംപിടിപ്പിച്ച നുണകളായി പ്രചരിപ്പിക്കുക എന്നത് ഒരു ശൈലിയായി ഇന്ന് മാറിയിട്ടുണ്ട്.

പൊലീസ് സംവിധാനത്തെ നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന സേനയാക്കി മുന്നോട്ടുകൊണ്ടുപോകാനുള്ള ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്.  ആദിവാസി ജനവിഭാഗങ്ങളെക്കൂടി ഉള്‍പ്പടുത്തി ആദിവാസി സൗഹാര്‍ദപരമായി പൊലീസ് സംവിധാനത്തെ കൊണ്ടുപോകാനും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. ആദിവാസി ജനവിഭാഗങ്ങളിലെതന്നെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രാഗ്ന ഗോത്രത്തില്‍ നിന്ന് 200 പേരെ പൊലീസില്‍ പ്രത്യേക നിയമനം നടത്തിയത് ഈ സര്‍ക്കാരാണ്.

ആദിവാസികള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയുവാനും അവര്‍ക്ക് നിയമപരായ പരിരക്ഷ ലഭിക്കുവാനും സുസജ്ജമായ സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.  ഈ വിഭാഗത്തില്‍ പെടുന്നവരുടെ പരാതികള്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി ആവശ്യമെങ്കില്‍ ഉടനെതന്നെ കേസുകള്‍ രജിസ്ട്രര്‍ ചെയ്യുവാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More: രാജ്യത്ത് 28,204 പേര്‍ക്ക് കോവിഡ്, 373 മരണം; 3.88 ലക്ഷം പേര്‍ ചികിത്സയില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Pinarayi vijayan support kerala police actions in assembly