കൊച്ചി: ചെങ്കൊടി കാണുമ്പോള്‍ ഹാലിളകുന്നത് മാടമ്പിത്തരമാണെന്നും മാടമ്പിമാരെ എങ്ങനെയാണ് നേരിട്ടതെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമെന്നും മുഖ്യമന്ത്രി പിണറായി. സി.പി.എം. സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് മറൈന്‍ ഡ്രൈവില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സമ്മേളന പ്രചാരണത്തിനു പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടിയതിനെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് കഴിഞ്ഞദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെ ഉന്നംവച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
”ചെങ്കൊടി ഏന്തിയവരാണ് പോയ കാലത്ത് ഈ നാട്ടിലെ ഭരണാധികാരികളായി വന്നത്. ആ ചെങ്കൊടിയോട് ഇപ്പോഴും ചിലര്‍ക്ക് വല്ലാത്ത അലര്‍ജി. അവിടെ കൊടികാണുന്നു, ഇവിടെ കൊടികാണുന്നു എന്നൊക്കെ വല്ലാതെ ചോദ്യങ്ങള്‍ ചിലര്‍ ചോദിക്കുന്നതായി കാണുന്നു. അവരോട് ഒന്നേ പറയാനുള്ളൂ. ഇത് പണ്ട് പലരും ചോദിച്ചതാണ്. അതു മാടമ്പിമാരായിരുന്നു. ആ മാടമ്പിമാര്‍ക്ക് ഉത്തരം കൊടുത്തുകൊണ്ടാണ് ഈ പ്രസ്ഥാനം വളര്‍ന്നുവന്നത്. ആ മാടമ്പിമാരുടെ ഏതെങ്കിലും തരത്തിലുള്ള താങ്ങിന്റെയും തണലിന്റെയും ഭാഗമായി വളര്‍ന്നുവന്ന പ്രസ്ഥാനമല്ല ഇത്. അത് മനസിലാക്കുന്നത് നല്ലതാണ്. ചോപ്പു കാണുമ്പോള്‍ ഹാലിളകുന്ന കാളയുടെ അവസ്ഥയിലേക്ക് മാറുന്നത് ഗുണകരമല്ലെന്നത് അത്തരം ആളുകളും ശക്തികളും മനസിലാക്കുന്നത് നല്ലതാണ്. ഇത് ജനങ്ങളുടെ പാര്‍ട്ടിയാണ്. ജനങ്ങളാണ് സമ്മേളനം ഏറ്റെടുത്തത്,” ചരിത്രം ഓര്‍മിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ പിണറായി പറഞ്ഞു.
Also Read: അണികളുടെ പ്രിയങ്കരൻ; സെക്രട്ടറി പദത്തിൽ കോടിയേരി വീണ്ടുമെത്തുമ്പോൾ
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴി പ്രഭുക്കള്‍ക്കും ജന്മിപ്രവര്ക്കുമെതിരെ നാട്ടില്‍ ഉയര്‍ന്നുന്ന പ്രക്ഷോഭങ്ങള്‍ നടത്തിയവര്‍ െൈകകളിലേന്തിയത് ചെമ്പതാകയായിരുന്നു. അന്നത്തെ കാലത്ത് അധീശത്വം വഹിച്ച ശക്തികള്‍ക്കു ചെങ്കൊടിയെന്നത് വല്ലാത്ത അലര്‍ജിയായിരുന്നു. അവര്‍ നാട്ടില്‍ കാണുന്ന ചെങ്കൊടികള്‍ ചിലതെല്ലാം നശിപ്പിച്ചു. ചെങ്കൊടിയേന്തിക്കൊണ്ട് പ്രകടനം നടത്തുന്ന കൃഷിക്കാരെയും തൊഴിലാളികളും അന്ന് ഈ ശക്തികളുടെ ഗുണ്ടകള്‍ ഒരുകാരണവുമില്ലാതെ ആക്രമിച്ചു. അതെല്ലാം സ്ഥാപിത താല്പ്പര്യത്തിനെിരെ നിലകൊള്ളുന്ന പ്രസ്ഥാനത്തോടുള്ള പതാകയോടുള്ള അവരുടെ ഒടുങ്ങാത്ത പകയായിരുന്നു. അത് പലയിടങ്ങളിലും ആവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ ചെങ്കൊടിയുടെ മാനം കാക്കാന്‍ പാവപ്പെട്ട ജനങ്ങള്‍, അധ്വാനിക്കുന്ന വര്‍ഗം ജീവന്‍കൊടുത്തു തന്നെ പേരാടി. ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ ജയിച്ചതാര്, പിന്‍വാങ്ങേണ്ടി വന്നത് ആര് എന്നു നമുക്ക് കാണാനാവും.
രാജ്യം സ്വതന്ത്രമായതിനുശേവും ഇതേ ശക്തികള്‍ക്കു വലിയ പിന്തുണ നല്കുന്ന പൊലീസ് സംവിധാനമാണുണ്ടായിരുന്നത്. ഏതെങ്കിലും ഫാക്ടറി തൊഴിലാളികള്‍ പ്രകടനം നടത്തിയാല്‍ തല്ലിപ്പിരിക്കുമായിരുന്നു. ചെങ്കൊടി കാണുമ്പോള്‍ തന്നെ ഹാലിളകുമായിരുന്നു. അതും ഈ നാട് നേരിട്ടുവെന്നും പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വിമര്‍ശനത്തിലേക്കു കടന്നത്.
ജനങ്ങള്‍ ആഗ്രഹിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും ബിജെപിയും നാടിന്റെ വികസനത്തിനു തുരങ്കം വയ്ക്കുകയാണ്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറു കൊണ്ട് എത്തുന്ന റെയില്‍ പദ്ധതിയെ എന്തിനാണ് എതിര്‍ക്കുന്നത്. ആളുകളുടെ സമയനഷ്ടം നാടിന്റെ നഷ്ടമല്ലേ.
യുഡിഎഫ് എല്ലാ രീതിയിലും ബിജെപിയെ കൂട്ടുപിടിച്ച് പദ്ധതിക്കെതിരെ നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. നാടിനെ പുറകോട്ടടിപ്പിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം. നാട് മുന്നോട്ടുപോകണം. നാടിന്റെ ഭാവി അത് ഇന്ന് ജീവിക്കുന്നവര്‍ക്ക് മാത്രമല്ല. ഭാവി തലമുറയ്ക്ക് ഈ നാട് കാലാനുസൃതമാകണം. അവര്‍ക്ക് കുറ്റപ്പെടുത്ത തക്ക സാഹചര്യം ഉണ്ടാവരുത്. നല്ല രീതിയില്‍ ഇടപ്പെട്ടു പോവുക, ആ പദ്ധതി നടപ്പിലാക്കുക ഇതാണ് ഏറ്റവും പ്രധാനം. ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് ചെയ്യാന്‍ കഴിയുന്നത് എന്താണോ അത് ചെയ്യുകയെന്നത് തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു.
നാല് ദിവസമായി മറൈന്‍ ഡ്രൈവില്‍ നടന്ന പ്രതിനിധി സമ്മേളനത്തിനു സമാപനം കുറിച്ചു നടന്ന പൊതുസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണണ്‍, എംഎ ബേബി, എ വിജയരാഘവന്, മന്ത്രിമാരായ പി രാജീവ്, പിഎ മുഹമ്മദ് റിയാസ്, സജി ചെറിയാന്, വിഎന്‍ വാസവന് തുടങ്ങിയവര്‍ പങ്കെടുത്തു.
88 അംഗങ്ങളാണുള്ളതാണ് സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതി. മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെ 75 വയസിനു മുകളിലുള്ള 13 നേതാക്കന്മാരെ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ 16 പേരെ പുതുതായി ഉള്‍പ്പെടുത്തി. 13 വനിതാ നേതാക്കളാണ് ഇത്തവണ സമിതിയിലുള്ളത്.
Also Read: സി പി എം: പുതു തലമുറയ്ക്ക് ഒപ്പം പുതു വഴിയിൽ
പി. കരുണാകരന്, വൈക്കം വിശ്വന്, ആനത്തലവട്ടം ആനന്ദന്, കെ.ജെ. തോമസ്, എം.എം. മണി, എം ചന്ദ്രന്, കെ അനന്തഗോപന്‍, ആര് ഉണ്ണികൃഷ്ണപിള്ള, ജി സുധാകരന്, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി പി നാരായണന്, ജെയിംസ് മാത്യു എന്നിവരെയാണ് സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയത്.
എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി. പി. സാനു, യുവജന കമ്മിഷന് അധ്യക്ഷ ചിന്ത ജെറോം, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ. റഹിം, ജില്ലാ സെക്രട്ടറിമാരായ എ. വി. റസല്‍, ഇ. എന്‍. സുരേഷ് ബാബു, എം. എം. വര്‍ഗീസ്, പനോളി വത്സന്, രാജു എബ്രഹാം, ഡോ. കെ. എന്‍ ഗണേഷ്, കെ. എസ്. സലീഖ, കെ. കെ. ലതിക, പി. ശശി, കെ. അനില്‍കുമാര്‍, വി. ജോയ്, ഒ. ആര് കേളു എന്നിവരാണ് സംസ്ഥാന സമിതിയിലെ പുതുമുഖങ്ങള്‍. പീഡനാരോപണം നേരിട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പി. ശശി സംസ്ഥാന സമിതിയില്‍ തിരിച്ചെത്തി.
പി. കെ. ശ്രീമതി, കെ. കെ. ശൈലജ, പി. സതീദേവി, പി. കെ. സൈനബ, കെ. പി. മേരി, സി. എസ്. സുജാത, ജെ. മേഴ്സിക്കുട്ടിയമ്മ, സൂസന്‍കോടി, ടി. എന്‍. സീമ, കെ. എസ്. സലീഖ, കെ. കെ. ലതിക, ഡോ. ചിന്ത ജെറോം. എം. സി. ജോസൈഫന് എന്നിവരാണ് സമിതിയിലെ വനിതാ സാന്നിധ്യം.
മന്ത്രിമാരായ വി. എന്‍. വാസവന്, മുഹമ്മദ് റിയാസ്, സജി ചെറിയാന് എന്നിവരെ കൂടാതെ പി.കെ. ബിജു, എം. സ്വരാജ്, കെ.കെ. ജയചന്ദ്രന് , ആനാവൂര്‍ നാഗപ്പന്, പുത്തലത്ത് ദിനേശന് എന്നിവരാണ് സെക്രട്ടേറിയറ്റിലേക്കു പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇ പി ജയരാജന്, ടി എം തോമസ് ഐസക്, പി കെ ശ്രീമതി, എ കെ ബാലന്, ടി പി രാമകൃഷ്ണന്, കെ എന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സംസ്ഥാന സമിതിയില്‍ മുതിര്‍ന്ന നേതാക്കളായ വി എസ് അച്യുതാനന്ദന്, വൈക്കം വിശ്വന്, പി കരുണാകരന്, ആനത്തലവട്ടം ആനന്ദന്, കെ ജെ തോമസ്, എം എം മണി എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളും ജോണ്‍ ബ്രിട്ടാസ്, ബിജു കണ്ടക്കൈ എന്നിവര്‍ ക്ഷണിതാക്കളുമായിരിക്കും.