തൃശൂർ: ഇടതു സർക്കാർ പ്രവർത്തിക്കുന്നത് ഒട്ടേറെ പരിമിതികൾക്ക് നടുവിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ വെല്ലുവിളി നേരിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. നോട്ടു നിരോധനവും ജിഎസ്ടിയും ഏൽപിച്ച ആഘാതം ഒരു ഭാഗത്ത്, ന്യൂനപക്ഷ വേട്ടയും വർഗീയ സംഘർഷവും മറുഭാഗത്ത്. രാജ്യം വലിയ ആപത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്രസർക്കാർ ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുകയാണ്. ഫെഡറൽ ജനാധിപത്യ മൂല്യങ്ങൾ കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. അധികാരങ്ങൾ തങ്ങളിലേക്ക് കേന്ദ്രീകരിക്കുക എന്നതാണ് ആർഎസ്എസ് അജണ്ട. ബിജെപിയും ആർഎസ്എസുമാണ് മുഖ്യരാഷ്ട്രീയ ശത്രു. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ സാമൂഹ്യസ്ഥിതി തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

തൃപ്രയാറിൽ സി.ഒ.പൗലോസ് മാസ്റ്റർ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ജില്ലയിലെ മുതിർന്ന അംഗം പത്മനാഭനാണ് പതാക ഉയർത്തിയത്. മൂന്നു ദിവസത്തെ സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിമാരായ തോമസ് ഐസക്ക്, എ.സി.മൊയ്തീൻ, സി.രവീന്ദ്രനാഥ് എന്നിവരും ഇ.പി.ജയരാജൻ ഉൾപ്പടെയുളള കേന്ദ്ര കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. 399 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ജില്ലാ സെക്രട്ടറിയായി കെ.രാധാകൃഷ്ണൻ തുടർന്നേക്കുമെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.