തിരുവനന്തപുരം: ദാസ്യപ്പണിയിൽ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അന്ത്യശാസനം. പൊലീസിൽ ദാസ്യപ്പണി അനുവദിക്കില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും പൊലീസുകാരെയും ക്യാംപ് ഫോളോവർമാരെയും ഒപ്പം നിർത്തണമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പിണറായി പറഞ്ഞു.
ഉയർന്ന ജനാധിപത്യ ബോധമുളള കേരളത്തിൽ പൊലീസും അതുപോലെ പെരുമാറണമായിരുന്നു. എന്നാൽ ചിലരുടെ ഭാഗത്തുനിന്നും അതിൽ കടുത്ത വീഴ്ചയുണ്ടായി. ഇത് അംഗീകരിക്കാൻ കഴിയില്ല. ചില പൊലീസ് ഉദ്യോഗസ്ഥരുടെ വർക്കിങ് അറേഞ്ച്മെന്റായി പൊലീസുകാരെ ഒപ്പം നിർത്തിയിട്ടുണ്ട്. ഈ സമ്പ്രദായം നീട്ടിക്കൊണ്ടു പോകാനാവില്ല. അനുവദിച്ചതിലും കൂടുതൽ പൊലീസുകാരെ ഉദ്യോഗസ്ഥർ ഒപ്പം നിർത്തിയിട്ടുണ്ടെങ്കിൽ അവരെ എത്രയും വേഗം തിരിച്ചയക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിലെ ദാസ്യപ്പണി വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്. പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ എസ്പിമാർ മുതൽ മുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.