തിരുവനന്തപുരം: വളർന്ന് വരുന്ന ഓൺലൈൻ മാധ്യമപ്രവർത്തനം കൂടുതൽ ജാഗ്രതയോടെയുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗത്തിൽ ജനങ്ങളിലേക്ക് എത്താൻ സാധിക്കുന്ന മാധ്യമം എന്ന നിലയ്ക്ക് വാർത്തകൾ കൃത്യതയോടെയും വസ്തുനിഷ്ഠമായും നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്‍റെ മലയാളം ഓൺലൈനായ ഐ ഇ മലയാളത്തിന്‍റെ മൊബൈൽ ആപ്പ് ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ആരാണ് വാർത്തകൾ ആദ്യം ജനങ്ങളിലേക്ക് എത്തുന്നത് എന്നതിലല്ല കാര്യം, മറിച്ച് ആരാണ് സത്യം ജനങ്ങളിലേക്ക് എത്തിക്കുന്നത് എന്നതിലാണ് കാര്യം ‘ മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഓൺലൈനുകൾ മലയാള ഭാഷയിൽത്തന്നെ ഉണ്ട്, എന്നാൽ ഇവയെല്ലാം ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയുമാണോ പ്രവർത്തിക്കുന്നത് എന്നത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

‘ഇന്ത്യയുടെ ജാനാധിപത്യം സംരക്ഷിക്കുന്നതിൽ മഹത്തായ പങ്ക്‌വഹിച്ചവരാണ് ഇന്ത്യൻ എക്സ്പ്രസ് പത്രം , അടിയന്തരാവസ്ഥകാലത്ത് നിങ്ങൾ നടത്തിയത് ധീരമായ മാധ്യമപ്രവർത്തനമാണ്, ഈ പാരമ്പര്യം നിങ്ങളുടെ പുതുസംരംഭമായ ഐഇ മലയാളവും തുടരണം’ മുഖ്യമന്ത്രി നിർദേശിച്ചു.

രാജ്യത്ത് കർഷക ആത്മഹത്യകളെപ്പറ്റിയുള്ള വാർത്തകളേക്കാളും ഫാഷൻ ഷോകൾക്ക് പ്രധാന്യം നൽകുന്ന സംസ്കാരം മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും,ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കമ്പോള താത്പര്യങ്ങൾ മാത്രംവെച്ച് പ്രവർത്തിക്കരുതെന്നും മാധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ