മലപ്പുറം: നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം എന്നുള്ളത് ഇന്നുള്ളിടത്ത് നില്‍ക്കലല്ല. അവിടെ തറച്ച് നില്‍ക്കലല്ല. കൂടുതല്‍ മുന്നേറണം. ആ മുന്നേറ്റം ഓരോ ആളുകളുടേയും ജീവിത നിലവാരത്തിലുണ്ടാകണമെന്നും അതിനാണ് വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ വികസനത്തിന് സഹായകരമായ നിരവധി പദ്ധതികളുമായിട്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്നോട്ട് നീങ്ങുന്നത്. അതൊന്നും അനുവദിക്കില്ലെന്ന രീതിയില്‍ ചിലര്‍ നിലപാട് സ്വീകരിക്കുന്നുണ്ട്. നാടിനാവശ്യമായ ഒരു പദ്ധതിയും സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമായി മുസ്ലിം ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇപ്പോൾ അത് മാറി ഈ രണ്ട് സംഘടനകളുടേയും മുദ്രാവാക്യം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ ധ്രുവീകരണത്തിനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നത്. ഓരോ ചെറിയ വിഷയങ്ങളിലും വർഗീയത കലർത്തുന്നു. യുഡിഎഫും ബിജെപിയും തങ്ങളുടെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ ബുദ്ധിമുട്ടുന്നു. ഇതിന് കുറുക്കു വഴിയായി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. ബിജെപിയെ രാഷട്രീയമായി നേരിടാൻ പ്രാദേശിക സഖ്യങ്ങൾ ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read More: രാജ്യത്ത് ഒമിക്രോൺ കേസുകൾ 578 ആയി ഉയർന്നു; കൂടുതൽ ഡൽഹിയിൽ