കണ്ണൂർ: പൊലീസ് സേനയിലും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിയും മതവും പറഞ്ഞ് ഉദ്യോഗസ്ഥരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നുണ്ട്. പൊലീസിന്റെ ജാതിയും മതവും പൊലീസാണ്. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരിൽ പൊലീസുകാർ പതറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മതത്തെയും ജാതിയെയും ചിലർ ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. കേരളത്തിന്‍റെ മത നിരപേക്ഷത തകർക്കാനുള്ള ശ്രമം നടത്തുന്നവരെ ജനാധിപത്യ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂർ മാങ്ങാട്ട്പറമ്പ് കെഎപി ക്യാംപില്‍ നടന്ന പാസ്സിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, ചിത്തിര ആട്ടത്തിനായി ശബരിമല നട തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് സർക്കാർ സ്വീകരിച്ചിട്ടുളളത്. സന്നിധാനത്തടക്കം നാലിടങ്ങളിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശബരിമല അയ്യപ്പക്ഷേത്രം നട തുറക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാത്രി 12 മുതല്‍ ആറാം തീയതി രാത്രി വരെയാണ് നിരോധനാജ്ഞയുടെ കാലാവധി. ചിത്തിര ആട്ടത്തിനായി അഞ്ചാം തീയതി നട തുറക്കും.  ഒറ്റ ദിവസത്തേക്കാണ് നട തുറക്കുക. ഇത് കണക്കിലെടുത്താണ് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണത്തേത് പോലെ സംഘർഷം ഒഴിവാക്കാനാണ് പൊലീസിന്റെയും സർക്കാരിന്റെയും ശ്രമം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.